കോട്ടയം: (www.mediavisionnews.in) ചങ്ങനാശ്ശേരിയിൽ മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു. തൃക്കൊടിത്താനം സ്വദേശി കുഞ്ഞന്നാമ്മയാണ് (55) കൊല്ലപ്പെട്ടത്. മകൻ ജിതിൻ ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തരക്കായിരുന്നു സംഭവം.
അമ്മയും മകനും മാത്രമാണ് വീട്ടിൽ ഉള്ളത്. മദ്യപിച്ച് സ്ഥിരം വഴക്കുണ്ടാക്കുന്ന സ്വഭാവക്കാരനായിരുന്നു ജിതിന്‍. അന്നും അമ്മയും മകനും തമ്മിൽ കലഹമുണ്ടായി. രാത്രി ഭക്ഷണത്തെക്കുറിച്ച് തര്‍ക്കമുണ്ടാകുകയും, കയ്യിലുണ്ടായിരുന്ന കറിക്കത്തി കൊണ്ട് ഇയാൾ കുഞ്ഞന്നാമ്മയുടെ കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു. കൊലയ്ക്കു ശേഷം ഇയാൾ മദ്യപിച്ച് വീട്ടിൽ അടച്ചിരിക്കുകയായിരുന്നു. തുടർന്ന് പൊലീസും നാട്ടുകാരും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
ഹൃദ്രോഗിയായ കുഞ്ഞന്നാമ്മ ചികിത്സക്കായി മകനോട് പണം ആവശ്യപ്പെടാറുണ്ടായിരുന്നു. ഇക്കാര്യത്തിലാണ് ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നത്. ജിതിൻ ജോലി ചെയ്തുണ്ടാക്കുന്ന പണം മുഴുവൻ മദ്യപാനത്തിനായി ചെലവഴിക്കുമായിരുന്നു. ഇതും ഇരുവർക്കുമിടയിൽ തർക്കത്തിനും കാരണമായിരുന്നു.
മലപ്പുറത്ത് മദ്യലഹരിയിൽ മകൻ പിതാവിനെ കൊലപ്പെടുത്തിയ സംഭവവും കേരളക്കരയെ ഞെട്ടിച്ചിരിക്കുകയാണ്. തിരൂർ സ്വദേശിയായ പുളിക്കൽ മുഹമ്മദ് ഹാജി(70)യാണ് മരിച്ചത്. സംഭവത്തെ തുടർന്ന് നാട്ടുകാർ പിടികൂടിയ മകൻ അബൂബക്കർ സിദ്ധീക്കിനെ (27) നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിച്ചു.
ശനിയാഴ്ച രാത്രി ഒൻപതുമണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ കുറേ ദിവസങ്ങളായി മകൻ അബൂബക്കർ സിദ്ധീക്ക് മദ്യവും മറ്റ് ലഹരി വസ്തുക്കളും സ്ഥിരമായി ഉപയോഗിച്ച് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുമായിരുന്നു. ഇത് ചോദ്യം ചെയ്ത പിതാവുമായി പ്രതി വാക്കുതർക്കമുണ്ടായി. വാക്കുതർക്കത്തിനിടെ മകൻ്റെ അടിയേറ്റതിനെത്തുടർന്ന് മുഹമ്മദ് ഹാജി നിലത്തുവീണു. ഇയാളെ തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.