ന്യൂദല്‍ഹി: കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ലോകത്തെ പ്രമുഖ സിഗരറ്റ് നിര്‍മ്മാണ കമ്പനി. വാസ്‌കിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ തയ്യാറാണെന്നും കമ്പനി വ്യക്തമാക്കി. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് അമേരിക്കന്‍ ടുബാക്കോ ആണ് വാക്‌സിന്‍ കണ്ടുപിടിച്ചെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. ലബോറട്ടറി പരിശോധനകള്‍ വിജയിച്ചെന്നും കമ്പനി പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സിഗരറ്റ് നിര്‍മ്മാതാക്കളാണ് ബ്രിട്ടീഷ് അമേരിക്കന്‍ ടുബാക്കോ. കൊവിഡ് ബാധിച്ചവര്‍ സിഗരറ്റ് വലിക്കരുതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധ വാക്‌സിനുമായി സിഗരറ്റ് നിര്‍മ്മാണ കമ്പനിതന്നെ രംഗത്തെത്തിയിരിക്കുന്നത്.
തങ്ങള്‍ നിര്‍മ്മിച്ച വാക്‌സിന്‍ ഉപയോഗിക്കുന്നതിലൂടെ രോഗ പ്രതിരോധ ശേഷി വര്‍ധിക്കുന്നുണ്ടെന്ന് ലബോറട്ടറി ടെസ്റ്റില്‍ വ്യക്തമായെന്ന് ബ്രിട്ടീഷ് അമേരിക്കന്‍ ടുബാക്കോ പറയുന്നു. അമേരിക്കയില്‍ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനുള്ള ആദ്യഘട്ടത്തിലേക്ക് കടക്കാന്‍ തയ്യാറാണെന്നും കമ്പനി അറിയിച്ചു.
‘ഈ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താനുള്ള പണം കണ്ടെത്താനടക്കം ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്. ആരോഗ്യ പ്രവര്‍ത്തകരില്‍നിന്നും അനുമതി ലഭിച്ചാല്‍ ജൂണ്‍ അവസാനമോടെ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്’, കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ആന്റിജെന്‍ എന്ന കൃത്രിമമായി നിര്‍മ്മിച്ച കൊറോണ വൈറസ് അംശം ഉപയോഗിച്ചാണ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടത്തുന്നതെന്ന് കമ്പനി ഏപ്രിലില്‍ അറിയിച്ചിരുന്നു. മനുഷ്യരില്‍ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ളതാണ് ആന്റിജെനെന്നും കമ്പനി അവകാശപ്പെട്ടു