ന്യൂഡൽഹി: ലോക്ക് ഡൗൺ മൂന്നാം ഘട്ടത്തിൽ റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കേന്ദ്രസർക്കാർ ഇളവ് പ്രഖ്യാപിച്ചു.
പുതിയ മാർഗനിർദേശങ്ങൾ പ്രകാരം ഗ്രീൻ, ഓറഞ്ച് സോണുകളിൽ ടാക്സി സർവീസുകൾ നടത്താൻ അനുമതി നൽകി. എന്നാൽ ഡ്രൈവറെക്കൂടാതെ രണ്ട് പേർക്ക് മാത്രമേ ടാക്സി കാറിൽ യാത്ര ചെയ്യാൻ അനുമതി ഉള്ളൂ. ഇതോടെ ഓല, ഊബർ തുടങ്ങിയ സ്വകാര്യ ടാക്സി വാഹനങ്ങൾക്ക് സർവീസ് പുനരാംരഭിക്കാം.
സ്വകാര്യ വാഹനങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്. നാലുചക്ര വാഹനത്തിൽ ഡ്രൈവറെ കൂടാതെ രണ്ട് പേർ, ബൈക്കിൽ രണ്ട് പേർ എന്ന നിലയ്ക്കാണ് അനുമതി.
അതേസമയം റെഡ് സോണുകളിൽ പ്രത്യേക അനുവാദമില്ലാതെ അത്യാവശ്യകാര്യങ്ങൾക്കല്ലാതെ വാഹനങ്ങൾ പുറത്തിറക്കാൻ അനുമതി ഇല്ല. റെഡ് സോണിൽ നേരത്തെയുണ്ടായിരുന്ന നിരോധനം തുടരും.
മൂന്നാം ഘട്ട ലോക്ക് ഡൗൺ ആരംഭിക്കുന്ന മെയ് നാല് മുതൽ പുതിയ ഇളവുകൾ പ്രാബല്യത്തിൽ വരും.