തിരുവനന്തപുരം∙ ഒന്നിലധികം നിലകളുള്ള തുണിക്കടകൾക്കു പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്തു വയസ്സിനു താഴെയുള്ള കുട്ടികളുമായി ഷോപ്പിങിന് വരുന്നത് ഒഴിവാക്കണം. തുണികളുടെ മൊത്ത വ്യാപാര കടകൾക്കും പ്രവർത്തിക്കാം. ട്യൂഷൻ സെന്ററുകൾക്ക് പ്രവർത്തിക്കാൻ അനുമതിയില്ല. ഓൺലൈൻ ക്ലാസുകളാകാം. തട്ടുകടകളിൽ പാഴ്സൽ മാത്രം. ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. വിദ്യാഭ്യാസ വകുപ്പ് പരീക്ഷയ്ക്ക് ബസുകൾ ഉൾപ്പെടെ സൗകര്യം ഒരുക്കും.
ഫോട്ടോ എടുക്കാൻ സ്റ്റുഡിയോകൾക്ക് പ്രവർത്തിക്കാം. കേരളത്തിലേക്കുള്ള പ്രത്യേക നോൺ എസി ട്രെയിൻ ഡൽഹിയിൽനിന്ന് നാളെ പുറപ്പെടും. 1,304 പേരുടെ പട്ടിക തയാറായി. 971പേർ ഡൽഹിയിൽനിന്നും 333 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നുമാണ്. ബെംഗളൂരുവിൽ നിന്ന് മറ്റന്നാൾ മുതൽ ദിവസേന നോൺ എസി ചെയർകാർ ഉണ്ടാകുമെന്ന് റെയിൽവേ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.