കാസര്‍കോട്: ലോക്ഡൗണ്‍ മൂലം മരുന്ന് വാങ്ങാന്‍ പോകാന്‍ കഴിയാത്തവര്‍ക്കും ജില്ലയില്‍ മരുന്ന് ഇല്ലാത്തതിനാല്‍ ബുദ്ധിമുട്ടുന്നവര്‍ക്കും ആശ്വാസമായി ജില്ലാ എസ്.വൈ.എസ് സാന്ത്വനം ഹെല്‍പ്പ് ഡെസ്‌ക് മുഖേനയുള്ള മരുന്ന് കൈമാറ്റം ഒരുമാസം പിന്നിടുന്നു.
കാസര്‍കോട് ജില്ലയിലെ മുഴുവന്‍ ഗ്രാമങ്ങളിലേക്കും മരുന്ന് എത്തിക്കാനുള്ള വിപുലമായ സംവിധാനമാണ് എസ്.വൈ.എസ് ഹെല്‍പ്പ് ഡെസ്‌കിലുള്ളത്. ഒരു ഫോണ്‍ കോളില്‍ മരുന്നെത്തുന്ന സംവിധാനം ഇതിനകം ഉപയോഗപ്പെടുത്തിയത് ആയിരത്തോളം കുടുംബങ്ങള്‍. ദേശീയപാതയിൽ പോലീസിന്റെ സഹായവും ഉള്‍ഭാഗങ്ങളില്‍ എസ്.വൈ.എസ് സാന്ത്വനം പ്രവര്‍ത്തകരുടെ നിതാന്ത ജാഗ്രതയും സൗജന്യ സേവനം വേഗത്തിലാക്കുന്നു.
സൗജന്യ സര്‍വീസിനു പുറമെ പാവപ്പെട്ട രോഗികള്‍ക്ക് മരുന്ന് നല്‍കിയും മാതൃകയായി. ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് മരുന്നെത്തിച്ചതിനു പുറമെ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ഭാഗങ്ങളിലേക്കും തെക്കന്‍ ജില്ലകളിലേക്കും മരുന്ന് സേവനം ലഭ്യമാക്കി. ഇപ്പോള്‍ വിദേശങ്ങളിലേക്ക് മരുന്നെത്തിക്കാന്‍ കൊറിയര്‍ സര്‍വീസ് തുടങ്ങിയതോടെ ഉള്‍ഭാഗങ്ങളില്‍നിന്ന് കൊറിയര്‍ ഓഫീസിലേക്ക് മരുന്നെത്തിക്കുന്നതിനും സാന്ത്വനം സഹായം നല്‍കുന്നു. കഴിഞ്ഞ ദിവസം ഷിമോഗയില്‍ നിന്നും പള്ളങ്കോട്ടിലേക്കുള്ള ജീവന്‍ രക്ഷാമരുന്ന് സാന്ത്വനം വഴി മണിക്കൂറുകള്‍ക്കകം എത്തിച്ചു.