അമ്മയ്ക്ക് ആഡംബര കാർ സമ്മാനിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

0
216

പോർച്ചുഗലിലെ മാതൃദിനത്തിൽ അമ്മ മരിയ അവീറോയ്ക്ക് ഒരു കിടിലൻ സമ്മാനം നൽകിയിരിക്കുകയാണ് ഫുട്ബോൾ ലോകത്തെ മിന്നും താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒരു മെഴ്‌സിഡസ് ബെൻസ് ജിഎൽസി കൂപെ ആണ് ആ സമ്മാനം. 

ക്രിസ്റ്റ്യാനോ റൊണാൾഡോയും മൂന്ന് സഹോദരന്മാരും ചേർന്നാണ് മാതൃദിനത്തിൽ അമ്മയ്ക്ക് സമ്മാനമായി മെഴ്‌സിഡസ് ബെൻസ് ജിഎൽസി കൂപെ സമ്മാനിച്ചത്. മേയ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് പോർച്ചുഗലിൽ മാതൃദിനം ആഘോഷിക്കുന്നത്. 

മക്കൾ സമ്മാനമായി കൊടുത്ത കാറുമായുള്ള ചിത്രം മരിയ അവീറോ തന്നെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. “ഇന്ന് എനിക്ക് ലഭിച്ച സമ്മാനങ്ങൾക്ക് എന്റെ കുട്ടികൾക്ക് നന്ദി. മാതൃദിനാശംസകൾ” ചിത്രത്തോടൊപ്പം മരിയ അവീറോ കുറിച്ചു.’എന്റെ ജീവിതത്തിലെ സ്പെഷ്യൽ ആയ രണ്ട് സ്ത്രീകൾക്കും മാതൃദിനാശംസകൾ” എന്ന് അമ്മയോടൊപ്പവും ഗേൾഫ്രണ്ട് ജോർജീന റോഡ്രിഗസിനോടൊപ്പവും ചിത്രങ്ങൾ സഹിതം ക്രിസ്റ്റ്യാനോ റൊണാൾഡോ ഞായറാഴ്ച പോസ്റ്റ് ചെയ്തിരുന്നു. മുമ്പ് പോർഷയുടെ സ്പോർട്സ് കാർ ക്രിസ്റ്റ്യാനോ റൊണാൾഡോ അമ്മയ്ക്ക് സമ്മാനിച്ചിരുന്നു.

സ്വന്തം ജീവിതം എനിക്ക് വേണ്ടി ത്യാഗം ചെയ്താണ് അമ്മ എന്നെ വളർത്തിയത്, ഞാൻ ഭക്ഷണം കഴിക്കുന്നതിനു വേണ്ടി എന്‍റെ അമ്മ ഒഴിഞ്ഞ രാത്രിയിൽ പട്ടിണി കിടന്നു. ഞങ്ങൾക്ക് പണമില്ലായിരുന്നു, ആഴ്ചയിലെ ഏഴു ദിവസവും അവർ അദ്ധ്വാനിച്ചാണ് എന്നെ ഒരു ഫുട്ബോൾ താരമാക്കിയതെന്ന് മുമ്പൊരിക്കല്‍ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ അമ്മയെക്കുറിച്ച് പറഞ്ഞിരുന്നു. 

2019 ന്യൂയോര്‍ക്ക് ഓട്ടോ ഷോയിലാണ് പുതിയ ജിഎല്‍സി കൂപ്പെ ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് അനാവരണം ചെയ്തത്. പുതിയ എല്‍ഇഡി ഹെഡ്‌ലാംപുകള്‍, പുതിയ ഡയമണ്ട് പാറ്റേണ്‍ ഗ്രില്‍, പുനര്‍രൂപകല്‍പ്പന ചെയ്‍ത മുന്‍, പിന്‍ ബംപറുകള്‍, പുതിയ എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍, പുതിയ ഡിഫ്യൂസര്‍, കോണുകളോടുകൂടിയ എക്‌സോസ്റ്റ് ടിപ്പുകള്‍ എന്നീ ഡിസൈന്‍ സവിശേഷതകളോടെയാണ് പുതിയ ജിഎല്‍സി കൂപ്പെ വരുന്നത്. പുതിയ മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, എംബിയുഎക്‌സ് ഇന്റര്‍ഫേസ് സഹിതം 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ കൂപ്പെയുടെ അകത്തെ വിശേഷങ്ങളാണ്. 300 പെട്രോള്‍ വേരിയന്റിന് 62.70 ലക്ഷം രൂപയും 300ഡി ഡീസല്‍ വേരിയന്റിന് 63.70 ലക്ഷം രൂപയുമാണ് വാഹനത്തിന്‍റെ ഇന്ത്യ എക്‌സ് ഷോറൂം വില.

LEAVE A REPLY

Please enter your comment!
Please enter your name here