അന്തര്‍സംസ്ഥാനയാത്രകള്‍ക്ക് തിങ്കളാഴ്ച മുതല്‍ നിയന്ത്രണങ്ങളില്ല ; ആശങ്കയുയര്‍ത്തി കേന്ദ്രത്തിന്റെ ലോക്ക്ഡൗണ്‍ തീരുമാനം

0
219

ന്യൂഡല്‍ഹി: (www.mediavisionnews.in)  രാജ്യത്തെ ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതിയ സര്‍ക്കുലര്‍ ആശങ്കയുയര്‍ത്തുന്നു. തീവ്രബാധിത പ്രദേശങ്ങളില്‍ മാത്രം ലോക്ക്ഡൗണ്‍ നടപ്പിലാക്കനുമാണ് തീരുമാനം.

തീവ്രബാധിത പ്രദേശങ്ങളില്‍ ജൂണ്‍ 30 വരെ ലോക്ക്ഡൗണ്‍ ഉണ്ടാകും. ജൂണ്‍ 30 വരെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ അഥവാ ഹോട്ട്‌സ്‌പോട്ടുകളില്‍ മാത്രം കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്താനാണ് ലോക്ക്ഡൗണ്‍ ഉത്തരവില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

അതേസമയം അന്തര്‍സംസ്ഥാനയാത്രകള്‍ക്ക് ഇനി നിയന്ത്രങ്ങളില്ലെന്നാണ് പുതിയ മാര്‍ഗരേഖയിലുള്ളത്. ഇത് ആശങ്കയുണ്ടാക്കുന്നുണ്ട്. ജൂണ്‍ 1 മുതലാണ് പുതിയ മാര്‍ഗ രേഖ നിലവില്‍ വരുന്നത്. തിങ്കളാഴ്ച മുതല്‍ പ്രത്യേക പാസ്സ് വാങ്ങി വിവിധ സംസ്ഥാനങ്ങളിലേക്ക് പോകണം എന്ന ചട്ടം ഇതോടെ ഇല്ലാതാകും.

അതേസമയം തീവണ്ടികളിലും, വിമാനങ്ങളിലും യാത്ര ചെയ്യേണ്ടതിന് പാസ്സ് വേണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്. പൊതുഗതാഗതത്തില്‍ പാസ്സുകളോടെ മാത്രമേ യാത്ര ചെയ്യാനാകൂ.

എന്നാല്‍ സ്വകാര്യവാഹനങ്ങളില്‍ പാസ്സില്ലാതെ അന്തര്‍സംസ്ഥാനയാത്രകള്‍ നടത്താം ഇതാണ് ആശങ്ക ഉയര്‍ത്തുന്നത്. അതേസമയം ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് ശേഷം മാത്രമേ, അന്താരാഷ്ട്ര വിമാനയാത്രകളും, മെട്രോ യാത്രകളും ഉണ്ടാകൂ എന്നാണ് മാര്‍ഗരേഖ വ്യക്തമാക്കുന്നത്.

അതേസമയം, വിവാഹങ്ങള്‍ക്കും മരണാനന്തരച്ചടങ്ങുകളിലും പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത് തുടരും.

വിവിധ ഘട്ടങ്ങളിലായി ലോക്ക്ഡൗണ്‍ പിന്‍വലിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ആദ്യഘട്ടമായി കണ്ടെയ്ന്‍മെന്റ് സോണുകളല്ലാത്ത പ്രദേശങ്ങളില്‍ ജൂണ്‍ 8-ന് ശേഷം, ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റാറന്റുകള്‍, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവയ്ക്ക് നിയന്ത്രണങ്ങളോടെ തുറന്ന് പ്രവര്‍ത്തിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.

കണ്ടെയ്ന്‍മെന്റ് സോണുകളല്ലാത്ത ഇടങ്ങളില്‍ മാത്രമാണ് ഈ ഇളവുകളുണ്ടാകുക.രണ്ടാംഘട്ടത്തില്‍ സ്‌കൂളുകള്‍ അടക്കം സംസ്ഥാനങ്ങളോട് ആലോചിച്ച് തുറക്കും. ജൂലൈ മാസത്തോടെയാണ് സ്‌കൂളുകള്‍ തുറന്നേക്കുക.

അന്താരാഷ്ട്ര വിമാനസര്‍വീസുകളുടെ കാര്യത്തില്‍ പിന്നീട് തീരുമാനം വരും തിയേറ്ററുകള്‍, ഒഡിറ്റോറിയങ്ങള്‍ എന്നിവയെ സംബന്ധിച്ച തീരുമാനങ്ങളും സാഹചര്യം അനുസരിച്ച് പിന്നീട് വരുമെന്നും കേന്ദ്ര ഉത്തരവില്‍ പറയുന്നു. പൊതുപരിപാടികള്‍ക്കുള്ള നിയന്ത്രണവും തുടരും.

നൈറ്റ് കര്‍ഫ്യൂ നിലവില്‍ രാത്രി 9 മണി മുതല്‍ രാവിലെ 5 മണി വരെയാക്കി ഇളവ് നല്‍കി. നിലവില്‍ രാത്രി ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണി വരെയായിരുന്നു നൈറ്റ് കര്‍ഫ്യൂ.

LEAVE A REPLY

Please enter your comment!
Please enter your name here