മൂവാറ്റുപുഴ: ലോക്ക്ഡൗണില്‍ അഭയം നല്‍കിയ സുഹൃത്തിന്റെ ഭാര്യയുമായി യുവാവ് ഒളിച്ചോടിയത് രണ്ട് തവണ. ഒടുവില്‍ പോലീസ് സ്റ്റേഷനില്‍നിന്ന് ഇടപെട്ടതോടെ യുവതിയും യുവാവും സ്‌റ്റേഷനിലെത്തി. എന്നാല്‍ കൂടെയുണ്ടായിരുന്ന ഒമ്പതും ആറും വയസ്സുള്ള മക്കളെ ഭര്‍ത്താവിനെ തിരികെ ഏല്‍പ്പിച്ച യുവതി വീണ്ടും കാമുകനോടൊപ്പം പോയി.
മൂവാറ്റുപുഴ സ്വദേശിയായ യുവാവിന്റെ ഭാര്യയും ഇയാളുടെ സുഹൃത്തായ മൂന്നാര്‍ സ്വദേശിയുമാണ് ലോക്ക്ഡൗണ്‍ കാലത്തെ പ്രണയത്തിനൊടുവില്‍ ഒളിച്ചോടിയത്. എറണാകുളത്ത് ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യുവാവ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന്റെ തലേദിവസമാണ് സ്വദേശമായ മൂന്നാറിലേക്ക് യാത്രതിരിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇയാള്‍ മൂവാറ്റുപുഴയില്‍ കുടുങ്ങിപ്പോയി. തുടര്‍ന്ന് നാട്ടില്‍വിളിച്ച് കാര്യം പറഞ്ഞപ്പോഴാണ് ഇയാളുടെ ബാല്യകാല സുഹൃത്തും ഇപ്പോള്‍ മൂവാറ്റുപുഴയില്‍ താമസക്കാരനുമായ യുവാവിന്റെ നമ്പര്‍ കിട്ടിയത്.
ബാല്യകാല സുഹൃത്തിനെ വിളിച്ച് കാര്യം പറഞ്ഞതോടെ ഇയാള്‍ കാറുമായെത്തി മൂന്നാര്‍ സ്വദേശിയെ വീട്ടിലേക്ക് കൊണ്ടുപോയി. ലോക്ക്ഡൗണ്‍ കാലത്ത് വീട്ടില്‍ താമസിപ്പിച്ചു, ഭക്ഷണവും നല്‍കി. പക്ഷേ, ഇതിനിടെ മൂന്നാര്‍ സ്വദേശിയും സുഹൃത്തിന്റെ ഭാര്യയും തമ്മില്‍ അടുപ്പത്തിലായിരുന്നു. പിന്നീട് ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും മൂന്നാര്‍ സ്വദേശി നാട്ടിലേക്ക് തിരികെപോകാന്‍ കൂട്ടാക്കാതിരുന്നതോടെയാണ് ഭര്‍ത്താവ് ഭാര്യയെ സംശയിച്ചത്. തുടര്‍ന്ന് ഭാര്യയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ സുഹൃത്തിനൊപ്പമുള്ള സ്വകാര്യചിത്രങ്ങളും കണ്ടു. ഭാര്യയുമായി വഴക്കിടുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഭാര്യ ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ആദ്യമായി ഒളിച്ചോടിയത്.
ഒരു ഒട്ടോറിക്ഷയിലാണ് ഇരുവരും വീട്ടില്‍നിന്ന് കടന്നുകളഞ്ഞത്. സംഭവമറിഞ്ഞ ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനിലെത്തി പരാതി അറിയിച്ചു. ഉടന്‍തന്നെ ഓട്ടോക്കാരനെ വിളിച്ച് വിവരമറിയിക്കുകയും ഒളിച്ചോടിയ യുവാവിനെയും യുവതിയെയും തിരികെ എത്തിക്കുകയും ചെയ്തു. മക്കളെ ഉപേക്ഷിച്ച് പോയതിന് യുവതിക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചതോടെ യുവതി അയഞ്ഞു. എല്ലാംമറന്ന് ഭാര്യയെ സ്വീകരിക്കാന്‍ ഭര്‍ത്താവും തയ്യാറായി. തുടര്‍ന്ന് കാമുകനൊപ്പം ഒളിച്ചോടിയ യുവതി ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് തന്നെ മടങ്ങി.
പക്ഷേ, വീട്ടില്‍ തിരിച്ചെത്തിയ യുവതി ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും കാമുകനൊപ്പം ഒളിച്ചോടി. ഇത്തവണ കുട്ടികളെയും കൂട്ടിയായിരുന്നു ഒളിച്ചോട്ടം. ഭര്‍ത്താവ് വീണ്ടും പോലീസ് സ്‌റ്റേഷനില്‍ എത്തിയതോടെ പോലീസും സംഭവത്തില്‍ ഇടപെട്ടു. കുട്ടികളെ തിരികെ വേണമെന്നായിരുന്നു ഭര്‍ത്താവിന്റെ ആവശ്യം. ഇതിനിടെ യുവതി ഒരു വക്കീല്‍ മുഖേന തനിക്ക് പറയാനുള്ളത് പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുപറയുകയും ഇ-മെയില്‍ അയക്കുകയും ചെയ്തു.
ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ താത്പര്യമില്ലാത്തതിനാല്‍ സുഹൃത്തിനൊപ്പം താമസിക്കുകയാണെന്നായിരുന്നു യുവതിയുടെ ഇ-മെയില്‍ സ്‌ന്ദേശം. എന്നാല്‍ ഭര്‍ത്താവിന് മക്കളില്‍ അവകാശമുണ്ടെന്ന് അറിയിച്ചതോടെ യുവതിയും കാമുകനും വീണ്ടും കുരുക്കിലാകുമെന്നായി. ഇതോടെയാണ് യുവതിയും കാമുകനും കഴിഞ്ഞദിവസം പോലീസ് സ്‌റ്റേഷനിലെത്തി കുട്ടികളെ ഭര്‍ത്താവിന് കൈമാറിയത്.
കുട്ടികളെ കൈമാറിയ ശേഷം യുവതി മൂന്നാര്‍ സ്വദേശിക്കൊപ്പം എറണാകുളത്തേക്ക് പോവുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന കാറും സ്വര്‍ണവും യുവതി കൊണ്ടുപോയിട്ടുണ്ട്. എന്തായാലും ഭാര്യ പോയെങ്കിലും മക്കളെ തിരികെ കിട്ടിയതിന്റെ ആശ്വാസത്തിലാണ് ഭര്‍ത്താവ്.