ന്യൂഡല്‍ഹി: (www.mediavisionnews.in) നാലാംഘട്ട ലോക് ഡൗണ്‍ നാളെ അവസാനിക്കാനിരിക്കെ രാജ്യത്ത് കോവിഡ് പ്രതിസന്ധി വര്‍ദ്ധിക്കുന്നു. കൊവിഡ് കേസുകളുടെ എണ്ണത്തില്‍ തുര്‍ക്കിയെയും മരണത്തില്‍ ചൈനയെയും മറികടന്നത് രാജ്യത്ത് രോഗവ്യാപനം രൂക്ഷമാകുന്നതിന്റെ തെളിവാണെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ലോക്ഡൗണ്‍ നീട്ടാനുള്ള പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍ കി ബാത്തില്‍ ഉണ്ടായേക്കുമെന്നാണ് സുചനകള്‍.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്ക് ഡൗണ്‍ നീട്ടുന്നതും ഇളവുകളും സംബന്ധിച്ച് ഇന്നലെ മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു.നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കരുതെന്നും എന്നാല്‍ കൂടുതല്‍ സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ക്കായി ഇളവുകള്‍ വേണമെന്നും മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടു. അമിത് ഷാ ഈ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു കഴിഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഇളവുകള്‍ അടങ്ങിയ പുതിയ മാര്‍ഗരേഖ കേന്ദ്രം പുറത്തുവിടും.മുമ്ബുള്ള ഘട്ടങ്ങളില്‍ ലോക്ക് ഡൗണ്‍ തീരും മുന്‍പ് കേന്ദ്ര കാബിനറ്റ് സെക്രട്ടറി സംസ്ഥാനങ്ങളുടെ നിലപാടുകള്‍ ആരാഞ്ഞ ശേഷം പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ചര്‍ച്ച നടത്തി ധാരണയുണ്ടാക്കുകയായിരുന്നു. ഇക്കുറി കാബിനറ്റ് സെക്രട്ടറിയുടെ ചര്‍ച്ചയ്ക്കു ശേഷം സംസ്ഥാനങ്ങളുമായി അമിത് ഷാ നേരിട്ട് ചര്‍ച്ച നടത്തുകയായിരുന്നു.
രാജ്യത്തെ കൊവിഡ് കേസുകളില്‍ 70 ശതമാനത്തിലധികവും റിപ്പോര്‍ട്ട് ചെയ്യുന്ന മഹാരാഷ്‌ട്ര, ഡല്‍ഹി, ഗുജറാത്ത്, തമിഴ്നാട്, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന എന്നിവിടങ്ങളിലെ പതിമൂന്ന് നഗരങ്ങളില്‍ മാത്രമായി ലോക്ക് ഡൗണ്‍ തുടരുമെന്നും മറ്റിടങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്നുമാണ് സൂചനകള്‍ പുറത്തു വരുന്നത്.