മുപ്പതിനായിരം രൂപ കാർ വാടക കൊടുത്ത് നാട്ടിലെത്തി; വീട്ടിൽ കയറ്റാതെ ഭാര്യ

0
197

അഗര്‍ത്തല(ത്രിപുര) (www.mediavisionnews.in): രാജ്യവ്യാപക ലോക്ക്ഡൗണ്‍ ഉണ്ടാക്കിയ അനിശ്ചിതത്വങ്ങള്‍ ഏറ്റവുമധികം ബാധിച്ചത് കുടിയേറ്റ തൊഴിലാളികളായ ദിവസക്കൂലിക്കാരെയാണ്. അവരുടെ ദുരിതംനിറഞ്ഞ പലായനങ്ങളുടെ വാര്‍ത്തകള്‍ ദിനംപ്രതി വാര്‍ത്തകളായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. ത്രിപുരയിലെ ഗോബിന്ദ ദേബ്‌നാഥ് എന്ന തൊഴിലാളിക്ക് നേരിടേണ്ടിവന്നത് മറ്റൊരു ദുരനുഭവമാണ്. മുപ്പതിനായിരം രൂപ കാര്‍വാടക കൊടുത്ത് അയല്‍ സംസ്ഥാനത്തുനിന്ന് സ്വന്തം നാട്ടിലെത്തിയെങ്കിലും വീട്ടില്‍ കയറാനാകാത്ത സ്ഥിതിയിലാണ് ഗോബിന്ദ.

കൂലിപ്പണിക്കാരനായി ഗോബിന്ദ ഭാര്യ മാംപി ദേബ്‌നാഥിനും മകള്‍ക്കും മറ്റു ബന്ധുക്കള്‍ക്കുമൊപ്പം അഗര്‍ത്തലയിലാണ് താമസിക്കുന്നത്. ലോക്ക്ഡൗണ്‍ ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പാണ് 37-കാരനായ ഗോബിന്ദ ആസ്സാമിലെ സിലാപത്തറിലുള്ള ഭാര്യാസഹോദരന്റെ വീട്ടില്‍ പോയത്. ഭാര്യയുടെ പിതാവും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. 

ഇതിനിടയില്‍ ലോക്ക്ഡൗണ്‍ നിലവില്‍വന്നു. നിയന്ത്രണങ്ങള്‍ വൈകാതെ പിന്‍വലിക്കുമെന്നും അതിനുശേഷം വീട്ടിലെത്താമെന്നും കരുതി കാത്തിരുന്നെങ്കിലും രണ്ടു തവണ ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിച്ചതോടെ മറ്റു മാര്‍ഗമില്ലാതെ കാര്‍ വാടകയ്‌ക്കെടുത്ത് സ്വന്തം വീട്ടിലേയ്ക്ക് പോകാന്‍ ഗോബിന്ദ തീരുമാനിച്ചു. മുപ്പതിനായിരം രൂപ കാര്‍ വാടക കൊടുത്ത് അദ്ദേഹം ത്രിപുരയില്‍ എത്തി.

മറ്റൊരു സംസ്ഥാനത്തുനിന്ന് എത്തിയതിനാല്‍ നടപടിക്രമം അനുസരിച്ച് ക്വാറന്‍റൈന്‍ കേന്ദ്രത്തിലെത്തി. തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആണെന്ന് വ്യക്തമായി. തുടര്‍ന്ന് പോലീസ് ഇയാളെ വീട്ടിലെത്തിച്ചു. എന്നാല്‍ പ്രതീക്ഷിച്ചതൊന്നുമായിരുന്നില്ല വീട്ടില്‍ ഗോബിന്ദയ്ക്ക് നേരിടേണ്ടിവന്നത്. വീട്ടിലെത്തിയ ഗോബിന്ദയെ ഭാര്യ വീട്ടില്‍ കയറാന്‍ അനുവദിച്ചില്ല.

ഭര്‍ത്താവിനോട് തിരികെ വരേണ്ടതെന്ന് പറഞ്ഞിരുന്നതായി ഭാര്യ പറയുന്നു. രോഗിയായ അമ്മയും ചെറിയ കുട്ടിയുമാണ് വീട്ടിലുള്ളത്. ഗോവിന്ദയ്ക്ക് വൈറസ് ബാധയുണ്ടെങ്കില്‍ തന്നെയും 14 ദിവസം നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്ന അവസ്ഥയുണ്ടാകും. അത് ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രയാസകരമാണ്. അതുകൊണ്ട് ഭര്‍ത്താവിനെ എവിടെയെങ്കിലും നിരീക്ഷണത്തില്‍ പാര്‍പ്പിക്കണമെന്നാണ് തന്റെ ആവശ്യമെന്നും അവര്‍ പറയുന്നു.

മറ്റൊരു സംസ്ഥാനത്തുനിന്നെത്തിയ ഗോബിന്ദയെ വീട്ടില്‍ താമസിക്കുന്നതിനെതിരെ അയല്‍ക്കാരും പ്രതിഷേധവുമായി രംഗത്തെത്തി. അയല്‍ക്കാര്‍ ഭാര്യയെ ഇതിന്റെ പേരില്‍ കുറ്റപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഗോബിന്ദ പറയുന്നു. പരിശോധനയില്‍ നെഗറ്റീവ് ആണെങ്കിലും രോഗബാധയില്ലെന്ന് ഉറപ്പിക്കാനാവുമോ എന്നാണ് അയല്‍വാസികള്‍ ചോദിക്കുന്നത്. അതുകൊണ്ട് ഗോവിന്ദയെ രണ്ടാഴ്ച നിരീക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിക്കണമെന്ന് അവരും ആവശ്യപ്പെട്ടു.

പോലീസും ആരോഗ്യപ്രവര്‍ത്തകരും എത്തി ഭാര്യയെയും നാട്ടുകാരെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവില്‍ ഗോബിന്ദയെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിക്കുക മാത്രമായിരുന്നു പോംവഴി. 

ഗോവിന്ദയ്ക്ക് നേരിടേണ്ടിവന്നതിന് സമാനമായ അവസ്ഥ ത്രിപുരയില്‍ പലയിടത്തും നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്. രോഗബാധ സംശയിച്ച് നാട്ടുകാര്‍ പലരെയും മാറ്റിനിര്‍ത്തുകയും മറ്റിടങ്ങളില്‍നിന്ന് വരുന്നവര്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. സാമൂഹ്യ അകലം പാലിക്കാനുള്ള നിര്‍ദേശങ്ങളൊക്കെ കാറ്റില്‍പ്പറത്തിയാണ് ഇപ്രകാരം പ്രതിഷേധങ്ങളുമായി ജനങ്ങള്‍ സംഘടിക്കുന്നത് എന്നതാണ് വിരോധാഭാസമെന്ന് വെസ്റ്റ് ത്രിപുര ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ ഡോ. സംഗീത ചക്രബര്‍ത്തി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here