ന്യൂഡൽഹി: കോവിഡിന് മുന്നിൽ പതറിയവർ മരണത്തോട് അടിയറവ് പറഞ്ഞപ്പോൾ ഇന്ത്യക്ക് നഷ്ടപ്പെട്ടത് 1300ലേറെ ജീവൻ. അത് കഴിഞ്ഞാൽ ലോക്ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ പേർ മരിച്ചത് ആത്മഹത്യയിലൂടെ.
എണ്ണക്കണക്കിൽ അത് മുന്നൂറിലേറെ. മാർച്ച് 19 മുതൽ മേയ് രണ്ടുവരെയുള്ള കണക്കാണിത്. മേയ് രണ്ടുവരെ കണക്കനുസരിച്ച് 338 പേരാണ് ആത്മഹത്യ ചെയ്തത്.
അതിൽ 80 പേരെ ഏകാന്തതയും കോവിഡ് പോസിറ്റിവായാലോ എന്ന ഉത്കണ്ഠയുമാണ് ജീവനൊടുക്കാൻ പ്രേരിപ്പിച്ചത്. പല നാട്ടിൽ കുടുങ്ങിപ്പോയവർ സ്വന്തം നാട്ടിലേക്കുള്ള പ്രയാണത്തിനിടെ അപകടമൃത്യു വരിച്ചത് 51 പേർ. മദ്യപാനം നിർത്തേണ്ടി വന്നതടക്കമുള്ള മാനസികമായ ഉൾവലിയൽ കാരണം ആത്മഹത്യയിൽ അഭയം തേടിയവർ 45. സാമ്പത്തിക പരാധീനതയും പട്ടിണിയും 36 ഇന്ത്യക്കാരെ ആത്ഹത്യയിലേക്ക് നയിച്ചു. മദ്യനിരോധനം ഒട്ടും ശാസ്ത്രീയമല്ലാത്തതിനാൽ ജീവൻ നഷ്ടപ്പെട്ടത് ഏഴുപേർക്ക്. മദ്യാസക്തരായ ഇവർ സാനിറ്റൈസർ േലാഷനും ആഫ്റ്റർ ഷേവും കഴിച്ച് ആസക്തി കുറക്കാൻ ശ്രമിച്ചതാണ് ജീവനാശത്തിൽ കലാശിച്ചത്.
കലാപത്തെ തുടർന്നുള്ള പൊലീസ് അതിക്രമത്തിൽ 11 പേർക്ക് ജീവൻ നഷ്ടമായി. ലോക്ഡൗണുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ മരിച്ചത് 12 പേർ. ഇക്കാലത്ത് 38 പേരാണ് ചികിത്സ കിട്ടാതെ മരിച്ചത്.
മരണകാരണം എന്തെന്ന് ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ കൃത്യമായി വേർതിരിച്ചറിയാൻ കഴിയാത്ത സംഭവങ്ങൾ 41 എണ്ണം. ലോക്ഡൗൺ കാലത്തെ മരണത്തെ ഇത്തരത്തിൽ പഠനവിധേയമാക്കിയത് ജിൻഡാൽ സ്കൂൾ ഓഫ് ലോയിലെ അസി.പ്രഫസർ അമെൻറ നേതൃത്വത്തിലാണ്. ടെക്നോളജിസ്റ്റായ ജി.എൻ. തേജേഷും പൊതുപ്രവർത്തകയായ കനിക ശർമയും ഗവേഷണ പഠനത്തിൽ പങ്കാളികളായി.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക