മദീനയിലെ മസ്‌ജിദുന്നബവി നാളെ തുറക്കും, സുബ്ഹി നിസ്‌കാരത്തോടെ വിശ്വാസികൾക്ക് പ്രവേശിക്കാം

0
336

മദീന: മദീനയിലെ പ്രവാചക പള്ളിയായ മസ്‌ജിദുന്നബവി വിശ്വാസികൾക്കായി തുറക്കാൻ തീരുമാനം. സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ നിർദേശപ്രകാരമാണ് മസ്‌ജിദുന്നബവി തുറക്കുന്നത്. സഊദിയിൽ കൊവിഡ് വൈറസ് ബാധയെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന കർഫ്യു ഘട്ടം ഘട്ടമായി അവസാനിപ്പിക്കുന്നതിന് ഭാഗമായാണ് മദീനയിലെ മസ്‌ജിദുന്നബവി വിശ്വാസികൾക്ക് മുമ്പാകെ തുറക്കുന്നത്. ഇരു ഹറം കാര്യാലയ വകുപ്പ് മേധാവി ശൈഖ് അബ്‌ദുറഹ്‌മാൻ അൽ സുദൈസ് ഇത് സംബന്ധിച്ച നിർദേശത്തിനു അംഗീകാരം നൽകിയിട്ടുണ്ട്. നാളെ സുബ്ഹി മുതൽ വിശ്വാസികൾക്കായി മസ്‌ജിദുന്നബവി വാതിലുകൾ തുറക്കപ്പെടുമെന്നു സഊദി ദേശീയ ടെലിവിഷൻ റിപ്പോർട്ട് ചെയ്‌തു. എന്നാൽ, മസ്‌ജിദുന്നബവിയിലെ ആകെ ഉൾകൊള്ളുന്നവരുടെ എണ്ണത്തിന്റെ നാൽപത് ശതമാനം വിശ്വാസികളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ.

വിശ്വാസികൾക്ക് മസ്‌ജിദുന്നബവിയിൽ പ്രവേശനം നൽകുന്നതിന്റെ ഭാഗമായി വിവിധ രീതിയിലുള്ള സുരക്ഷാ മുൻകരുതൽ ഇരു ഹറം കാര്യാലയ വകുപ്പിന്റെ നേതൃത്വത്തിൽ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിലവിലെ മുഴുവൻ കാർപെറ്റുകളും ഇവിടെ നിന്നും എടുത്തു മാറ്റി. നിലവിൽ പള്ളിക്കകത്ത് വെറും മാർബിൾ മാത്രമാണുള്ളത്. വിശ്വാസികൾ സ്വന്തമായി മുസ്വല്ല (നിസ്‌കരിക്കനുള്ള വിരിപ്പ്) കൊണ്ട് വന്ന് വിരിച്ചാണ് പ്രാർത്ഥന നിർവഹിക്കേണ്ടത്. നമസ്‌കരിക്കുന്നവർക്കിടയിൽ നിശ്ചിത ബാരിക്കേഡുകൾ സ്ഥാപിക്കും.  സ്ത്രീകൾക്ക് 13, 17, 25, 29 നമ്പർ വാതിലുകളും പുരുഷന്മാർക്ക് ബാബുൽ ഹിജ്‌റ 4, ബാബു ഖുബാ 5, ബാബു മലിക് സൗദ് 8, ബാബു ഇമാം ബുഖാരി 10, ബാബു മലിക് ഫഹദ് 21, ബാബു മലിക് അബ്ദുൽ അസീസ് 34, ബാബു മക്ക 37 എന്നീ വാതിലുകളും തുറന്നിടും. സംസം കാനുകൾ എടുത്തുമാറ്റും. കാർ പാർക്കിംഗിന്റെ 50 ശതമാനം ഉപയോഗപ്പെടുത്തും. മസ്ജിദിന് ഉള്ളിലേക്ക് നോമ്പുതുറ വിഭവങ്ങൾ പ്രവേശിപ്പിക്കില്ല. പള്ളിയിലേക്ക് വരുന്നവർ മാസ്‌ക് ധരിക്കണമെന്നും അധികൃതർ അറിയിച്ചു. കൂടാതെ, എല്ലാ നിസ്‌കാരങ്ങളുടെ മുമ്പും ശേഷവുമായി ദിനേനെ പത്ത് തവണ അണുവിമുക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.

കൂടാതെ, രാജ്യത്തെ പള്ളികൾ തുറക്കുന്നതിന്റെ ഭാഗമായി അധികൃതർ നിർദേശിച്ച കൊവിഡ് മുൻകരുതൽ സ്വീകരിക്കണമെന്നും നിർദേശമുണ്ട്. ഫേസ് മാസ്‌ക് ധരിക്കുക, ജമാഅത്ത് നിസ്‌കാരങ്ങളിൽ നിശ്ചിത അകലം പാലിക്കുക, സ്വന്തം മുസ്വല്ലകളിൽ നിസ്‌കരിക്കുക, പ്രവേശന കവാടങ്ങളിൽ തിരക്ക് കൂട്ടാതിരിക്കുക, അംഗസ്‌നാനം വീടുകളിൽ നിന്ന് ചെയ്‌തു വരിക, കുട്ടികളെ കൊണ്ട് വരാതിരിക്കുക തുടങ്ങിയ നിർദേശങ്ങളാണ് ഇസ്‌ലാമിക കാര്യാലയ മന്ത്രാലയം പള്ളികൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് നിർദേശിച്ചത്.

ഘട്ടം ഘട്ടമായി രാജ്യത്തെ സാധാരണ നിലയിലേക്ക് കൊണ്ട് പോകുന്നതിന്റെ ഭാഗമായി രാജ്യത്തെ പള്ളികളിൽ നിസ്‌കാര അനുമതിയും നാളെ മുതൽ പുനഃരാരംഭിക്കും. കർശന നിയന്ത്രണത്തോടെയാണ് നിസ്‌കാരം നടക്കുക. രണ്ടാം ഘട്ടം നാളെ തുടങ്ങുന്നതിന്റെ ഭാഗമായാണ് പള്ളികളിൽ നിയന്ത്രണങ്ങളോടെ നിസ്‌കാരം പുനഃരാരംഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here