‘ഭയാനകം, ഇതുപോലൊന്ന് കണ്ടിട്ടേയില്ല’; കോവിഡിനെക്കുറിച്ച് 10 ലളിത സത്യങ്ങൾ

0
191

വാഷിങ്ടൻ∙ ‘ആഗോള പൊതുജനാരോഗ്യ മേഖലയിലെ എന്റെ 30 വർഷത്തിനിടയിൽ ഞാൻ ഇതുപോലെയൊരു സംഭവം കണ്ടിട്ടില്ല. ഭയാനകമാണിത്, അഭൂതപൂർവവും’- കോവിഡ് മഹാമാരിയെക്കുറിച്ചു യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ മുൻ ഡയറക്ടർ ഡോ. ടോം ഫ്രീഡന്റെ വാക്കുകളാണിത്. ഇപ്പോൾ റിസോൾവ് ടു സേവ് ലൈവ്സിന്റെ പ്രസിഡന്റും സിഇഒയും ആയി പ്രവർത്തിക്കുന്ന ഫ്രീഡൻ, കോവിഡിനെക്കുറിച്ച് 10 ലളിതമായ സത്യങ്ങൾ വിശദീകരിക്കുകയാണ്. ഹൗസ് അപ്രോപ്രിയേഷൻസ് കമ്മിറ്റി ഹിയറിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫ്രീഡൻ പറയുന്ന 10 സത്യങ്ങൾ:

1. ന്യൂയോർക്ക് സിറ്റിയിൽ ശരിക്കും മോശമായ സമയമാണ്. ഇപ്പോൾ കോവിഡ് മരണങ്ങൾ ഗണ്യമായി കുറയുന്നുണ്ട്. എങ്കിലും, സാധാരണ ദിവസങ്ങളിൽ പല കാരണങ്ങളാലും സംഭവിക്കുന്ന മരണങ്ങളേക്കാൾ കോവിഡ് മൂലം ഇരട്ടി മരണങ്ങളാണ് ഉണ്ടാകുന്നത്. യുഎസിൽ മറ്റേതു സംസ്ഥാനത്തേക്കാളും കൂടുതൽ കൊറോണ വൈറസ് കേസുകളാണ് ന്യൂയോർക്കിലുള്ളത്. വ്യാഴാഴ്ച ഉച്ച വരെയുള്ള കണക്കനുസരിച്ച് ആകെ 3,​33,​491 കേസുകളും 25,​956 മരണങ്ങളുമാണ് സംഭവിച്ചത്. യുഎസിൽ ആകെ 12.63 ലക്ഷത്തിലേറെ രോഗബാധിതരും 74,​809 മരണങ്ങളും.

2. മഹാമാരിയുടെ തുടക്കം മാത്രമാണിതെന്നു ഫ്രീഡൻ പറയുന്നു. ജോൺ ബാരിയും മാർക്ക് ലിപ്‌സിച്ചും ചേർന്നു തയാറാക്കിയ പുതിയ റിപ്പോർട്ടും ഈ നിഗമനം ശരിവയ്ക്കുന്നു. കൊറോണ വൈറസ് ദുരിതം രണ്ടു വർഷം വരെ നീണ്ടുനിൽക്കുമെന്നാണ് ഇവരുടെ റിപ്പോർട്ടിൽ പറയുന്നത്. ഇതുവരെ കണ്ടതിനേക്കാൾ സാഹചര്യം മോശമാകുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

3. വൈറസിനെതിരായ ശക്തമായ ആയുധമാണ് ഡേറ്റ. രോഗ വ്യാപനത്തിന്റെ ട്രെൻഡുകൾ നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന ഡേറ്റ, കോവിഡ് ക്ളസ്റ്ററുകൾ രൂപപ്പെടും മുൻപ് ഇല്ലാതാക്കാനും സഹായിക്കും. കോവിഡ് പോലുള്ളവ പകർച്ചവ്യാധികളായി മാറുന്നത് തടയാനും ഡേറ്റ ഉപകാരപ്പെടും. വിദഗ്ധർ ആദ്യം കരുതിയിരുന്നതിനേക്കാൾ സാധാരണമാണു വൈറസ് ബാധയെന്നും മരണസാധ്യതയുടെ നിരക്ക് ആദ്യം പ്രതീക്ഷിച്ചതിനേക്കാൾ കുറവാണെന്നും മനസ്സിലാക്കാൻ ഡേറ്റ സഹായിച്ചു.

4. നമുക്ക് വൈറസിനെ പെട്ടിയിൽ അടച്ചിടേണ്ടതുണ്ട്. സ്റ്റേ അറ്റ് ഹോം (വീടിനകത്ത് ഇരിക്കൽ) ഉത്തരവുകൾ വൈറസ് വ്യാപനത്തെ മന്ദഗതിയിലാക്കിയിരുന്നു. ന്യൂയോർക്ക്, കലിഫോർണിയ എന്നീ സംസ്ഥാനങ്ങളിൽ ഫ്ലാറ്റൻ ദ് കർവ് സൃഷ്ടിക്കാനും ഇതിനാലായി. എങ്കിലും ഒരു മാസത്തോളമായി പ്രതിദിനം 30,000 പുതിയ കേസുകളാണു റിപ്പോർട്ട് ചെയ്യുന്നത്. യുഎസിലുടനീളമുള്ള സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതു രോഗവ്യാപനത്തിനു സ്വയം അവസരം തുറന്നു കൊടുക്കുന്നതിനു തുല്യമാണ്.

5. സമ്പദ്‌വ്യവസ്ഥ പുനരാരംഭിക്കുന്നതും വൈറസ് വ്യാപകമാകുന്നതും തമ്മിൽ സന്തുലിതമായ അവസ്ഥ കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നു ഫ്രീഡൻ ചൂണ്ടിക്കാട്ടുന്നു. പൊതുജനാരോഗ്യത്തിന്റെ ചെലവിൽ സമ്പദ്‌വ്യവസ്ഥ വരേണ്ടതില്ല. സംസ്ഥാനങ്ങൾ തുറക്കുമ്പോഴുള്ള ആഘാതം കൂടി കണക്കിലെടുത്താൽ ആഗസ്റ്റിൽ 1,​34,000 അമേരിക്കക്കാർ മരിക്കാമെന്നാണു വാഷിങ്ടൻ യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷനിൽ നിന്നുള്ള പുതിയ പഠനം പറയുന്നത്. ന്യൂയോർക്ക് ടൈംസിനു ലഭിച്ച യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ കരട് ആഭ്യന്തര റിപ്പോർട്ടിൽ ജൂൺ ഒന്നോടെ ദിവസേനയുള്ള മരണസംഖ്യ 3,000 ആയിരിക്കുമെന്നാണു പറയുന്നത്.

6. കോവിഡിനെതിരായ യുദ്ധത്തിൽ മുൻനിരയിലുള്ള ആരോഗ്യ പ്രവർത്തകരെയും മറ്റു അവശ്യ ഉദ്യോഗസ്ഥരെയും എന്തു വില കൊടുത്തും സംരക്ഷിക്കണം. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ കണക്കനുസരിച്ച് 9,200 ലധികം ആരോഗ്യ പ്രവർത്തകർക്ക് കൊറോണ വൈറസ് ബാധിച്ചു. ആരോഗ്യ പരിപാലന തൊഴിലാളികളും അവശ്യ ഉദ്യോഗസ്ഥരും ഏറ്റവും അപകടസാധ്യതയിലാണ് എന്ന് ഈ കണക്കു തെളിയിക്കുന്നു. വൈറസിൽ നിന്നു രക്ഷ തേടുന്നതിനായി എൻ95 മാസ്കുകൾ പോലുള്ള അവശ്യ സംരക്ഷണ ഉപകരണങ്ങളുടെ കുറവ് ആശുപത്രികൾ നേരിടുകയാണ്.

7. യുഎസിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 10 മരണങ്ങളിൽ എട്ടും 65 വയസ്സും അതിൽ കൂടുതലുമുള്ള മുതിർന്നവരുടേതാണ്. രോഗപ്രതിരോധ ശേഷി കുറവുള്ളവരും ആസ്മ, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദം, പ്രമേഹം തുടങ്ങിയ അവസ്ഥകളുള്ള ആളുകൾക്ക് അപകടസാധ്യത കൂടുതലാണ്. ഇതു പോലുള്ള രോഗാവസ്ഥയുണ്ടെങ്കിൽ, വൈറസിനെ ചെറുക്കുന്നത് കൂടുതൽ വെല്ലുവിളിയാണ്. അതിനാൽ ഇങ്ങനെ ദുർബലരായവരെ നേരത്തെ കണ്ടെത്തുകയും വേണ്ട മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്.

8. എത്രയും പെട്ടെന്ന് വാക്സിൻ കണ്ടെത്തുന്നതിനും പരീക്ഷിക്കുന്നതിനും വലിയ തോതിൽ നിക്ഷേപം നടത്തുന്നതിനും സർക്കാരുകളും സ്വകാര്യ കമ്പനികളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. ഈ മേഖലയിൽ വേഗത്തിൽ നിക്ഷേപം നടത്താൻ സർക്കാരും വ്യവസായിക രംഗവും സഹകരിക്കണം. ഒരു വർഷം മുതൽ 18 മാസം വരെയുള്ള കാലയളവിൽ വാക്സിൻ ലഭ്യമാകുമെന്നാണ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ്  ഇൻഫെക്‌ഷ്യസ് ഡിസീസസ് തലവൻ ഡോ. ആന്റണി ഫൗസി പറഞ്ഞു.

എന്നാൽ 18 മാസത്തിനുള്ളിൽ മുൻപ് വ്യാവസായിക തലത്തിൽ ഇങ്ങനെ വാക്സിൻ ലഭ്യമായിട്ടില്ലെന്നാണ് വിദഗ്ധർ പറയുന്നത്. വാക്സിൻ വികസിപ്പിക്കൽ സാധാരണയായി അളക്കുന്നത് വർഷങ്ങളിലാണ്, മാസങ്ങളിൽ അല്ലെന്നാണ് ഇതേപ്പറ്റി ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ സെന്റർ ഫോർ ഹെൽത്ത് സെക്യൂരിറ്റിയിലെ ഡോ. അമേഷ് അഡാൽജ പറയുന്നത്.

9. കോവിഡ് അല്ലാത്ത ആരോഗ്യ പ്രശ്നങ്ങളെ നാം അവഗണിക്കരുതെന്നും ഫ്രീ‌‌ഡൻ ഓർമിപ്പിക്കുന്നു. കൊറോണ രോഗികളാൽ ലോകമെമ്പാടുമുള്ള പല ആശുപത്രികളും നിറ‍ഞ്ഞിരിക്കുകയാണ്. ഇപ്പോഴത്തെപ്പോലെ ആളുകൾക്ക് മറ്റു രോഗങ്ങളെ ദീർഘകാലം പ്രതിരോധിച്ചു നിൽക്കാനോ ആശുപത്രിയിൽ പോകാതിരിക്കാനോ സാധിക്കില്ല. മറ്റു രോഗങ്ങളുള്ളവർ ചികിത്സ നിർത്തിവച്ചതോടെ ഭയാശങ്കയിലാണ്. വൈറസ് പിടിപെടുമെന്ന ഭയത്താൽ പലരും പുറത്തുപോകാനും ആശുപത്രികൾ സന്ദർശിക്കാനും മടിക്കുന്നു.

10. ഇപ്പോഴത്തെ പാഠമുൾക്കൊണ്ട് തയാറെടുപ്പാണ് പരമപ്രധാനം എന്ന ചിന്ത എല്ലാവരിലുമുണ്ടാകണം. ഇനി ഒരിക്കലും ഇങ്ങനെ സംഭവിക്കരുത്. ഭാവിയിലും പക‌‌ർച്ചവ്യാധി പൊട്ടിപ്പുറപ്പെടുക അനിവാര്യമാണ്, ഇതുപോലെ തയാറെടുപ്പില്ലാതെ തുടരുന്നത് പക്ഷേ അനിവാര്യമല്ല-  ഫ്രീഡൻ വിശദീകരിച്ചു.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here