ഉപ്പള: കോഴിഫാം ഉടമയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കാറില്‍ തട്ടിക്കൊണ്ട് പോയി കാല് തല്ലിയൊടിച്ചതിനും 51,000 രൂപ തട്ടിയെടുത്തതിനും മഞ്ചേശ്വരം പൊലീസ് 11 പേര്‍ക്കെതിരെ വധ ശ്രമത്തിന് കേസെടുത്തു.
ബേക്കൂര്‍ മരമില്ലിന് സമീപം താമസിക്കുന്ന ഗഫൂറിന്റെ പരാതിയില്‍ അബ്ദുല്‍ റഹീം, സക്കീര്‍, ഹര്‍ഷാദ്, ഫയാസ്, ഉസൈന്‍, സയ എന്ന സജാദ് എന്നിവര്‍ക്കും മറ്റ് ആറ് പേര്‍ക്കുമെതിരെയാണ് കേസെടുത്തത്. എട്ട് ദിവസം മുമ്പ് സ്കൂട്ടറില്‍ എത്തിയ ഒരു യുവാവ് ഗഫൂറിനെ വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോവുകയും അതിനിടെ മിയാപദവ് ബേരിക്ക പാലത്തിന് സമീപം വെച്ച് റിട്ട്സ് കാറില്‍ എത്തിയ സംഘം തടഞ്ഞു നിര്‍ത്തി കാറില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ഗഫൂര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു. അതിനിടെയാണ് സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കാറില്‍ തട്ടിക്കൊണ്ട് പോയത്.
പിന്നീട് മിയാപദവ് ആര്.സി. ഗ്രൗണ്ടില്‍വെച്ച് മര്‍ദ്ദിക്കുകയും സംഘത്തിലെ ഒരാള്‍ ഇരുമ്പ് വടി കൊണ്ട് ഗഫൂറിന്റെ വലതുകാല്‍ തല്ലിയൊടിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
കഞ്ചാവ് കടത്ത് വിവരം എക്സൈസ് സംഘത്തിന് ഒറ്റിക്കൊടുത്തു എന്ന് ആരോപിച്ചും 51,000 രൂപ ആവശ്യപ്പെട്ടുമായിരുന്നു മര്‍ദ്ദനം. ബന്ധുക്കളെത്തി പണം നല്‍കിയതിന് ശേഷമാണ് ഗഫൂറിനെ വിട്ടയച്ചത്.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക