പ്രവാസികളെ സ്വീകരിക്കാന്‍ എല്ലാം സജ്ജം, 380 ലോഡ്ജ്മുറികള്‍ തയ്യാര്‍, വിദേശത്ത് നിന്ന് എത്തുന്നവരെ കാസര്‍കോട് ജില്ലയുടെ തെക്കന്‍ ഭാഗങ്ങളില്‍ നിരീക്ഷണത്തിലാക്കും

0
163

കാസര്‍കോട്: വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്നവരെ ജില്ലയുടെ തെക്കന്‍ പ്രദേശങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള കൊവിഡ് കെയര്‍ സെന്ററുകളില്‍ ഏഴ് ദിവസം ക്വാറന്റീനില്‍ പാര്‍പ്പിക്കും. ഈ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനുള്ള നോഡല്‍ ഓഫീസറായി സബ് കളക്ടര്‍ക്കാണ് ചുമതല. വിദേശങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളില്‍ നിന്ന് ക്യാറന്റൈന്‍ കേന്ദ്രങ്ങളില്‍ രോഗ നിര്‍ണ്ണയത്തിനായി സ്രവം എടുത്ത് പരിശോധിക്കും.

കൊവിഡ്19 സ്ഥിരീകരിച്ചാല്‍ ഇവരെ തുടര്‍ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റും. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവരെ വീട്ടിലേക്ക് വിടും. നെഗറ്റീവ് റിസള്‍ട്ടുള്ളവരെ തുടര്‍നിരിക്ഷണത്തിന് ക്വാറന്റീന്‍ ചെയ്യുന്നതിന് സ്വന്തം വീട്ടില്‍ മതിയായ സൗകര്യം ഉളളതായി തദ്ദേശ സ്ഥാപന വാര്‍ഡ്തല സമിതിക്ക് ബോദ്ധ്യപ്പെടുന്ന പക്ഷം ഇവരെ സ്വന്തം വീടുകളിലേക്ക് മാറ്റും. അതില്ലാത്ത പ്രവാസികളെ പ്രത്യേകമായി താമസിപ്പിക്കും. ഇതിനായി ജില്ലാ ഭരണകൂടം 380 ലോഡ്ജ് മുറികള്‍ കണ്ടെത്തിയിട്ടുണ്ട്. മുറികള്‍ക്ക് സര്‍ക്കാര്‍ അനുമതിയോടെ പ്രതിദിനം വാടക അനുവദിക്കും. ഇവര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് ചുമതല. സ്വന്തമായി വീട് സൗകര്യമില്ലാത്തവര്‍ക്കും, വാടക കൊടുക്കാന്‍ കഴിയാത്തവര്‍ക്കും സര്‍ക്കാര്‍ ക്വാറന്റീനില്‍ കഴിയുന്നതിന് സൗകര്യം ഒരുക്കും.

ഇവര്‍ക്ക് ഭക്ഷണം നല്കുന്നതിന് ആളൊന്നിന് പ്രതിദിനം 60 രൂപ (കുട്ടികള്‍ക്ക് 45 രൂപ) സംസ്ഥാന ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിക്കും.

വിമാനത്താവളത്തില്‍ നിന്ന് പ്രവാസികളെ ജില്ലയിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിന് പ്രത്യേകം കെ. എസ്. ആര്‍.ടി സി ബസുകള്‍ ക്രമീകരിക്കുന്നതിന് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍, ആര്‍.ടി.ഒ എന്നിവരെ കളക്ടര്‍ ചുമതലപ്പെടുത്തി. ബസുകളില്‍ പരമാവധി 24 പേരെ മാത്രമേ കയറ്റുകയുള്ളൂ. ഇതരസംസ്ഥാനത്ത് നിന്ന് എത്തുന്നവരെ വടക്ക് പാര്‍പ്പിക്കും.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്നവരെ ജില്ലയുടെ വടക്കു ഭാഗത്ത് സജ്ജീകരിച്ചിട്ടുള്ള കൊവിഡ് കെയര്‍ സെന്ററുകളില്‍ ക്വാറന്റൈനില്‍ പാര്‍പ്പിക്കും. ഈ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനുള്ള നോഡല്‍ ഓഫീസറായി കാസര്‍കോട് ആര്‍.ഡി.ഒയെ ചുമതലപ്പെടുത്തി. അന്യസംസ്ഥാനങ്ങളില്‍നിന്നു ജില്ലയിലെത്തുന്നവരെ പരിശോധിക്കുന്നതിനും വിവരങ്ങള്‍ ക്രോഡികരിച്ച്‌ ബന്ധപ്പെട്ടവര്‍ക്ക് അതത് അവസരങ്ങളില്‍ കൈമാറുന്നതിനും ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ എന്നിവരെയും ചുമതലപ്പടുത്തി.

ജില്ലയിലേക്ക് എത്തുന്നവരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍ക്കും ഡി എം ഒ ക്കും കൈമാറും. മറ്റു ജില്ലക്കാരുടെ വിവരങ്ങള്‍ രാവിലെ പത്തിനും വൈകുന്നേരം അഞ്ചിനും അതത് ജില്ലകള്‍ക്കും സംസ്ഥാന കൊവിഡ്19 വാര്‍ റൂമിനും കൈമാറും. ജില്ലയിലേക്ക് എത്തുന്നവരില്‍ രോഗ ലക്ഷണം കാണിക്കുന്നവരുടെ സ്രവം എടുത്ത് പരിശോധനയ്ക്ക് അയക്കുകയും ജില്ലക്കാരായവരെ പ്രത്യേക ആംബുലന്‍സുകളില്‍ ആശുപത്രികളിലെത്തിക്കും.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here