തന്റെ അതിവേഗ അര്‍ധസെഞ്ചുറി റെക്കോര്‍ഡ് തകര്‍ക്കുക ആ താരമെന്ന് യുവരാജ് സിംഗ്

0
241

ചണ്ഡീഗഡ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകരായ രവി ശാസ്ത്രിക്കും ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോഡിനുമെതിരെ തുറന്നടിച്ച് യുവരാജ് സിംഗ്. ടി20 ക്രിക്കറ്റ് കളിക്കാത്ത റാത്തോഡിന് എങ്ങനെ ഇന്നത്തെ ടി20 തലമുറയിലെ താരങ്ങള്‍ക്ക് ബാറ്റിംഗ് പരിശീലനം നല്‍കാനാവുമെന്ന് യുവരാജ് ചോദിച്ചു.റാത്തോഡ് എന്റെ സുഹൃത്താണ്. പക്ഷെ ടി20 തലമുറയിലെ താരങ്ങളെ ഒരുക്കാന്‍ അദ്ദേഹത്തിനാവുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ. ടി20 തലത്തില്‍ ക്രിക്കറ്റ് കളിക്കാത്ത റാത്തോഡിന് എങ്ങനെയാണ് ടി20ക്കായി താരങ്ങളെ ഒരുക്കാനാവുക. ഓരോ കളിക്കാരെയും ഓരോ തരത്തിലാണ് കൈകാര്യം ചെയ്യേണ്ടത്. ഞാന്‍ ഇന്ത്യന്‍ പരിശീലകനായിരുന്നെങ്കില്‍ ജസ്പ്രീത് ബുമ്രയോട് രാത്രി ഒമ്പത് മണിക്ക് ഗുഡ് നൈറ്റ് പറയും. എന്നാല്‍ ഹര്‍ദ്ദിക് പാണ്ഡ്യയെ രാത്രി 10 മണിക്ക് ഡ്രിങ്ക്സിന് ക്ഷണിക്കും. അങ്ങനെ ഓരോ കളിക്കാരോടും ഓരോ സമീപനമാണ് വേണ്ടത്.

എന്നാല്‍ ഇപ്പോഴത്തെ പരിശീലകര്‍ ആരുടെയും ഉപദേശം സ്വീകരിക്കാനോ ആരോടെങ്കിലും സംസാരിക്കാനോ തയാറല്ല. കളിക്കാര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുക എന്നത് രവി ശാസ്ത്രിയുടെ ജോലിയാണെങ്കിലും അദ്ദേഹം അത് ചെയ്യുന്നുണ്ടോ എന്ന് എനിക്കറിയില്ല. അദ്ദേഹത്തിന് മറ്റു പല കാര്യങ്ങളും ചെയ്യാനുണ്ടല്ലോ എന്നും യുവരാജ് ചോദിച്ചു.

കളിക്കാനിറങ്ങുമ്പോള്‍ എല്ലാ കളിക്കാരോടും നിങ്ങള്‍ക്ക് ഇങ്ങനെ പറയാം, പോ, പോയി അടിച്ചു പൊളിക്ക് എന്ന്. ഇത് സെവാഗിനെപ്പോലുള്ള കളിക്കാരോടാണ് പറയുന്നതെങ്കില്‍ ശരിയാണ്. എന്നാല്‍ പൂജാരയെ പോലുള്ളവരോട് ഇതേകാര്യം പറയാനാവില്ല. ഇത്തരം കാര്യങ്ങളൊക്കെ പരിശീലകര്‍ അറിയേണ്ടതുണ്ട്. ടി20 ക്രിക്കറ്റിലെ തന്റെ അതിവേഗ അര്‍ധസെഞ്ചുറിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കെല്‍പുള്ള താരം ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യയാണെന്നും യുവി പറഞ്ഞു.

എല്ലാം തികഞ്ഞൊരു ഓള്‍ റൗണ്ടറാവാനുള്ള എല്ലാ പ്രതിഭയും ഒത്തുചേര്‍ന്ന താരമാണ് പാണ്ഡ്യ. എന്റെ അതിവേഗ അര്‍ധസെഞ്ചുറി റെക്കോര്‍ഡ് എന്നെങ്കിലും തകര്‍ക്കപ്പെടുകയാണെങ്കില്‍ അത് പാണ്ഡ്യയായിരിക്കും. 2007ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ആണ് യുവി 12 പന്തില്‍ അര്‍ധസെഞ്ചുറി അടിച്ച് ലോക റെക്കോര്‍ഡിട്ടത്.

2019ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ ടീം സെലക്ഷനെയും യുവി വിമര്‍ശിച്ചു, അഞ്ച് ഏകദിനങ്ങള്‍ മാത്രം കളിച്ചൊരു താരത്തെ മധ്യനിരയില്‍ ഇറക്കാന്‍ തീരുമാനിക്കുമ്പോള്‍ അത് ചോദ്യം ചെയ്യാനാവണം. പക്ഷെ ദൗര്‍ഭാഗ്യവശാല്‍ ഈ സെലക്ഷന്‍ നടത്തിയവരും അഞ്ച് ഏകദിനങ്ങളെ കളിച്ചിട്ടുള്ളു എന്നും യുവി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here