കൊറോണ വൈറസ് ഒരിക്കലും പോയില്ലെന്ന് വരാം എന്നും, എച്ച് ഐ വി എന്നത് പോലെ തന്നെ ജനങ്ങൾ അതോടൊപ്പം ജീവിക്കാൻ പഠിക്കേണ്ടിവരുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയതായി എൻ.ഡി.ടി.വി റിപ്പോർട്ട്. കോവിഡ് ബാധിച്ചുള്ള മരണസംഖ്യ ആഗോളതലത്തിൽ 300,000 ആയ അവസരത്തിലാണ് മുന്നറിയിപ്പ്.
അതേസമയം വൈറസ് പടരുന്നത് തടയുന്നതിനുള്ള ദീർഘകാല ഷട്ട്ഡൗൺ അമേരിക്കയിൽ നീണ്ടുനിൽക്കുന്ന സാമ്പത്തിക നാശത്തിന് കാരണമാകുമെന്ന് യു.എസ് ഫെഡറൽ റിസർവ് അഭിപ്രായപ്പെട്ടു.
കൊറോണ വൈറസിനെതിരായ വാക്സിൻ കണ്ടെത്തിയാൽ അത് രാജ്യങ്ങളെയും സമ്പദ്‌വ്യവസ്ഥകളെയും ലോക്ക്ഡൗണിൽ നിന്ന് രക്ഷിക്കാനും വാക്സിന്റെ സൃഷ്‌ടാക്കൾക്ക് ദശലക്ഷക്കണക്കിന് ഡോളർ ലഭിക്കാനും സാധ്യതയുണ്ട്. എന്നാൽ വൈറസ് ഒരിക്കലും പൂർണമായും നശിപ്പിക്കപ്പെടില്ല എന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
“ഈ വൈറസ് നമ്മുടെ സമൂഹങ്ങളിൽ പകർച്ചവ്യാധിയുണ്ടാക്കുന്ന മറ്റൊരു വൈറസ് ആയി മാറിയേക്കാം, ഈ വൈറസ് ഒരിക്കലും നീങ്ങിപ്പോകില്ല, എച്ച് ഐ വി പോയിട്ടില്ല – പക്ഷേ നമ്മൾ വൈറസുമായി പൊരുത്തപ്പെട്ടു” ജനീവയിൽ ലോകാരോഗ്യ സംഘടനയുടെ അത്യാഹിത ഡയറക്ടർ മൈക്കൽ റയാൻ പറഞ്ഞു.