കണ്ടെന്‍മെന്റ് സോണ്‍: കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചു വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ- ജില്ലാ കളക്ടര്‍

0
237

കാസർകോട് (www.mediavisionnews.in) കണ്ടെന്‍മെന്റ് സോണ്‍ ഉള്‍പ്പെടുന്ന സ്ഥലത്തെ കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചു വരെ മാത്രമേ തുറന്നു പ്രവര്‍ത്തിക്കാവുയെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. കളക്ടറേറ്റില്‍ നടന്ന കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടങ്ങളിലെ ആളുകള്‍ ആവശ്യമില്ലാതെ റോഡില്‍ ഇറങ്ങുന്നത് അനുവദിക്കില്ല. ഈ മേഖലയിലെ വീടുകളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കുന്നതിനും യോഗം തീരുമാനിച്ചു. കണ്ടൈന്‍മെന്റ് സോണിലെ എല്ലാ വാര്‍ഡുകളിലും വാര്‍ഡ്തല ജാഗ്രത സമിതിയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കും.

ശക്തമായ നിരീക്ഷണം നടത്തുന്നതിന് പോലീസ് വളണ്ടിയര്‍ സംവിധാനം സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിലേക്ക് 1276 പേര്‍ അടങ്ങുന്ന ലിസ്റ്റ് യുവജന ക്ഷേമ ബോര്‍ഡ് നല്‍കിയിട്ടുണ്ട്. ഈ ലിസ്റ്റില്‍ നിന്ന് പോലീസ് വോളണ്ടിയര്‍ നിയമനം നടത്തി അവര്‍ക്കു ബാഡ്ജ് നല്കുന്നതിന് ജില്ലാ പോലീസ് മേധാവിയെ ജില്ലാകളക്ടര്‍ ചുമതലപ്പെടുത്തി.

ജില്ലയിലെ ജയിലുകളില്‍ പുതുതായി പ്രവേശിപ്പിക്കുന്ന തടവുകാര്‍ക്ക് രോഗബാധയില്ല എന്ന് ഉറപ്പു വരുത്തുന്നതിനായി കോവിഡ് പരിശോധന നടത്തും. തുടര്‍ന്ന് പരിശോധനാ റിപ്പോര്‍ട്ട് വരുന്നതു വരെയുള്ള മൂന്ന് ദിവസങ്ങളില്‍ ക്വാറന്റൈനില്‍ പാര്‍പ്പിക്കുന്നതിനായി തൊട്ടടുത്തുള്ള എല്‍.പി സ്‌കൂളുകളില്‍ സൗകര്യമൊരുക്കാനും തീരുമാനിച്ചു. ഇതിനുള്ള നടപടികള്‍ക്കായി ഹൊസ്ദുര്‍ഗ് തഹസില്‍ദാരെ ചുമതലപ്പെടുത്തി. കോവിഡ് പ്രതിരോധ-ബോധവത്കരണ പരിപാടികളുടെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ കാര്‍ട്ടൂണ്‍ മതില്‍ തയ്യാറാക്കും. ഇതിനായി കാസര്‍കോട് നഗരസഭാ പരിധിയിലെ ജി യു പി സ്‌കൂള്‍ മതില്‍ ലഭ്യമാക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. ചെക്ക് പോസ്റ്റില്‍ ജോലിചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കും മാസ്‌ക്, ഗ്ലൗസ് എന്നിവ നല്കുന്നതിന് ജില്ലാ കളക്ടര്‍ ഡി എം ഒക്ക് നിര്‍ദ്ദേശം നല്കി. ഓട്ടോ റിക്ഷകളില്‍ ഡ്രൈവറുടെ സീറ്റിന് പിന്‍ഭാഗം സ്‌ക്രീന്‍ ഷീല്‍ഡ് ഘടിപ്പിക്കുന്നതിന് യോഗം അനുമതി നല്‍കി. ഈ പ്രവര്‍ത്തി അതിര്‍ത്തി പ്രദേശത്ത് ഓടുന്ന ഓട്ടോകളില്‍ അടിയന്തിരമായി സ്ഥാപിക്കുന്നതിന് പ്രഥമ പരിഗണന നല്‍കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. തലപ്പാടിയിലും കാലികടവിലും ഓട്ടോ റിക്ഷ സേവനം ലഭ്യമാക്കുന്നതിന് യോഗം നിര്‍ദേശം നല്‍കി.

യോഗത്തില്‍ എ ഡി എം എന്‍. ദേവീദാസ് , സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍, ഡി എം ഒ ഡോ.എം.വി രാംദാസ്, ഡെപ്യൂട്ടി ഡി എം ഒ. ഡോ.എ.ടി മനോജ്, ദേശീയ ആരോഗ്യ ദൗത്യം മാനേജര്‍ ഡോ. രാമന്‍ സ്വാതി രാമന്‍, ഡിഎം ഒ(ഹോമിയോ) ഡോ കെ രാമസുബ്രമണ്യം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസുദനന്‍ എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here