ഉറവിടമറിയാത്ത മുപ്പതോളം രോഗികൾ, കേരളത്തിൽ കോവിഡിന്റെ സമൂഹവ്യാപന സാദ്ധ്യതയെന്ന് വിദഗ്ദ്ധ സമിതി

0
221

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് കൊവിഡിന്റെ സമൂഹവ്യാപനത്തിന് സാധ്യതയെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധസമിതി. മൂന്നു ഘട്ടങ്ങളിലായി ഉറവിടമറിയാത്ത മുപ്പതോളം രോഗബാധിതരുണ്ടായത് സമൂഹ വ്യാപനസാധ്യതയാണ് കാണിക്കുന്നതെന്ന് വിദഗ്ധസമിതി മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

കണ്ണൂർ ധർമ്മടത്ത് ഉറവിടമറിയാതെ വൈറസ് ബാധിച്ച് മരിച്ച രോഗിയിൽ നിന്ന് രോഗം പകർന്നത് പതിനൊന്നുപേർക്കാണ്. കാര്യമായ ലക്ഷങ്ങളൊന്നും കാണിക്കാത്ത രോഗിയിൽ വൈറസ് ബാധ തിരിച്ചറിയും മുന്നേതന്നെ വൈറസ് വ്യാപനമുണ്ടായെന്നാണ് കരുതുന്നത്.

ചക്ക തലയിൽ വീണ് ചികിത്സ തേടിയ കാസർകോട്ടുകാരൻ, കണ്ണൂരിലെ റിമാൻഡ് പ്രതികൾ, തിരുവനന്തപുരത്തെ അബ്കാരി കേസ് പ്രതി,ആദിവാസിയായ ഗർഭിണി, കൊല്ലത്ത് പ്രസവ ശസ്ത്രക്രിയയ്ക്കെത്തിയ യുവതി തുടങ്ങി മൂന്നു ഘട്ടങ്ങളിലായി 23 പേർക്ക് രോഗം എങ്ങനെ പകർന്നതെന്ന് കണ്ടെത്താൻ ആരോഗ്യവകുപ്പധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതാണ് സമൂഹ വ്യാപന സാദ്ധ്യതയിലേക്ക് വിരൽചൂണ്ടുന്നത്. മറ്റിടങ്ങളെ അപേക്ഷിച്ച് പരിശോധന കുറവായതിനാൽ അപകടകരമായ അവസ്ഥയാണ് ഈ കണക്കുകൾ കാണിക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്.

ആരോഗ്യ പ്രവർത്തകരിലുൾപ്പെടെ പരിശോധനകൾ കൂട്ടിയാലേ യഥാർത്ഥ വസ്തുത പുറത്തു വരികയുള്ളുവെന്നും സമിതി നിർദേശിച്ചു.

14 ആരോഗ്യ പ്രവർത്തകരടക്കം 57 പേർക്കാണ് 19 ദിവസത്തിനുള്ളിൽ സമ്പർക്കം കാരണമുള്ള രോഗബാധയുണ്ടായത്. ഒരാഴ്ചയ്ക്കുളളിൽ കേരളത്തിൽ നിന്ന് പോയവരിൽ തമിഴ്നാട്ടിലും കർണാടകയിലുമായി രോഗം സ്ഥിരീകരിച്ചത് 9 പേർക്കാണ്. ഒരു മാസത്തിനുളളിൽ സംസ്ഥാനത്ത് മൂവായിരത്തോളം പേർക്ക് രോഗം ബാധിച്ചേക്കാമെന്നാണ് സർക്കാർ നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here