ഒരു ഫോട്ടോയെടുത്ത് അതു സമൂഹമാധ്യമത്തില്‍ പങ്കുവെക്കും മുമ്പ് എഡിറ്റ് ചെയ്ത് പരമാവധി മനോഹരമാക്കുന്നവരാണ് മിക്കയാളുകളും. ബോഡി പോസിറ്റിവിറ്റിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയരുന്ന കാലഘട്ടത്തില്‍ തന്നെയാണ് ഇത്തരത്തില്‍ കുറവുകളെ പരമാവധി നീക്കം ചെയ്ത് ‘പെര്‍ഫെക്റ്റ്’ എന്നു പറയപ്പെടുന്ന ചിത്രങ്ങള്‍ പങ്കുവെക്കുന്നത്. ഫോട്ടോഷോപ്പിന്റെയും എഡിറ്റിങ്ങിന്റെയുമൊക്കെ മറ്റൊരു തലം കാണിച്ചുതരുന്ന രണ്ട് പെണ്‍കുട്ടികളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്.
ചൈനയില്‍ നിന്നുള്ള രണ്ട് സോഷ്യല്‍ മീഡിയാ താരങ്ങളാണവര്‍. ഫോട്ടോഷോപ്പ് എത്രത്തോളം പവര്‍ഫുള്‍ ആണെന്ന് സ്വന്തം ചിത്രങ്ങളിലൂടെ കാണിച്ചു തരികയാണ് ഇരുവരും. ഇരുവരുടേയും യഥാര്‍ഥ രൂപത്തെ പരമാവധി എഡിറ്റ് ചെയ്തുള്ള ചിത്രങ്ങളാണ് പങ്കുവച്ചത്. എഡിറ്റ് ചെയ്യുന്നതിനു മുമ്പും ശേഷവും എന്നു പറഞ്ഞാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
ചിത്രങ്ങള്‍ കണ്ടവര്‍ക്കാര്‍ക്കും രണ്ടു ചിത്രങ്ങളിലുമുള്ളത് ഒരേ പെണ്‍കുട്ടികളാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നതാണ് രസകരം. ഇരുവരും ഏറെനാള്‍ തങ്ങളുടെ ഫോളോവേഴ്‌സിനെ എഡിറ്റ് ചെയ്ത ചിത്രങ്ങളായിരുന്നു കാണിച്ചുകൊണ്ടിരുന്നത്.
സംഗതി ഫേസ്ബുക്കിലും പങ്കുവച്ചതോടെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. ഓണ്‍ലൈനില്‍ കാണുന്ന ചിത്രങ്ങളെ വിശ്വസിക്കരുതെന്നു പറയുന്നത് ഇതുകൊണ്ടാണെന്നും ഇത്രയും എഡിറ്റിങ് അറിയുമായിരുന്നെങ്കില്‍ കോഴ്‌സിന് എ ഗ്രേഡ് ലഭിച്ചേനേയെന്നും കമന്റുകള്‍ പോകുന്നു. ചിലരെല്ലാം ഇതു രണ്ടും വെവ്വേറെ പെണ്‍കുട്ടികളാണന്നും അവര്‍ ഒരുപോലെ വസ്ത്രം ധരിച്ച് പോസ് ചെയ്യുന്നതാണെന്നും പറയുന്നുണ്ട്.