ഭോപ്പാല്‍: സിനിമയിലെ സാഹസികരംഗം അനുകരിച്ച് പ്രകടനം നടത്തിയ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് താക്കീതും പിഴയും. മധ്യപ്രദേശിലെ ദമോഹ് സ്‌റ്റേഷന്‍ ചാര്‍ജുണ്ടായിരുന്ന എസ് ഐ മനോജ് യാദവാണ് സിനിമാരംഗം അനുകരിച്ച് വെട്ടിലായത്. എസ്‌ഐയുടെ സാഹസികപ്രകടനത്തിന്റെ വീഡിയോ വൈറലായെങ്കിലും കക്ഷി പുലിവാല് പിടിച്ചുവെന്നതാണ് സത്യം.
അജയ് ദേവഗണ്‍ മുഖ്യവേഷത്തിലെത്തിയ ഫൂല്‍ ഓര്‍ കാണ്ടെ(1991)യിലെ ഒരു രംഗമാണ് മനോജ് യാദവ് അനുകരിച്ചത്. റോഡിലൂടെ തൊട്ട് തൊട്ട് ഒരേ വേഗത്തില്‍ നീങ്ങുന്ന രണ്ട് ഹോണ്ട കാറുകള്‍ക്ക് മുകളില്‍ രണ്ടു കാലുകള്‍ വെച്ച്, പോലീസ് യൂണിഫോമില്‍ കൂളിങ് ഗ്ലാസ് വെച്ച് അടിപൊളി പോസിലാണ് മനോജ് യാദവ്.
കാറുകള്‍ നീങ്ങുന്നതിനിടെ എസ്‌ഐയുടെ വക ഫ്‌ളൈയിങ് കിസും ഷൂട്ട് ചെയ്യുന്നത് പോലെ ആംഗ്യവുമുണ്ട്. വീഡിയോയ്ക്ക് അകമ്പടിയായി അജയ് ദേവ്ഗന്റെ തന്നെ സിങ്കം സിനിമയിലെ ബാക്ക്ഗ്രൗണ്ട് സ്‌കോറുമുണ്ട്. (ഫൂല്‍ ഓര്‍ കാണ്ടെയില്‍ കോളേജിലേക്ക് നായകന്‍ കടന്നു വരുന്ന രംഗത്ത് രണ്ട് ബൈക്കുകളിലാണ് പ്രകടനം).
നടനല്ല, സബ് ഇന്‍സ്‌പെക്ടറാണ്…!!എന്ന അടിക്കുറിപ്പോടെ സുപ്രിയ ഭരദ്വാജ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ 77,000 ലധികം പേര്‍ കണ്ടുകഴിഞ്ഞു. എസ് ഐയുടെ പ്രകടനത്തെ കുറിച്ച് അന്വേഷിക്കാന്‍ എസ്പി ഉത്തരവിട്ടു എന്നും സുപ്രിയ കുറിച്ചിട്ടുണ്ട്. നിരവധി പേര്‍ പ്രകടത്തെ അഭിനന്ദിച്ചു. എന്നാല്‍ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥന്റെ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ന്യായീകരിക്കാവുന്നതല്ലെന്ന കമന്റുമായി ഭൂരിഭാഗവും രംഗത്തെത്തി.
സാഗര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ജനറല്‍ അനിസല്‍ ശര്‍മ വിഷയം ഗൗരവമായി തന്നെയെടുത്തു. മനോജിനെ സ്‌റ്റേഷന്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് 5000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക