ദുബൈ: വിവേചനവും വിദ്വേഷവും പ്രചരിപ്പിക്കുന്ന സമൂഹമാധ്യമ ഇടപെടലുകൾക്കെതിരെ ശബ്ദമുയർത്തി അറബ് ലോകത്തെ ബുദ്ധിജീവികളും സാംസ്കാരിക പ്രമുഖരും. കോവിടിന്റെ പശ്ചാത്തലത്തിൽ സമൂഹ മാധ്യമങ്ങളിൽ വെറുപ്പും പകയും പരത്തുന്ന പോസ്റ്റുകളിടുന്നവർക്ക് മുന്നറിയിപ്പ് നൽകി ലോക പ്രശസ്ത എഴുത്തുകാരിയും യു.എ.ഇയിലെ രാജകുടുംബാംഗവുമായ ശൈഖ ഹിന്ദ് ബിൻത് ഫൈസൽ അൽ ഖാസിമി ട്വീറ്റ് ചെയ്തു. വംശീയതയും വിവേചനവും പ്രകടപ്പിക്കുന്നതിനെ യു.എ.ഇ വെച്ചുപൊറുപ്പിക്കില്ലെന്നും പിഴ ചുമത്തുകയും രാജ്യത്തു നിന്ന് പുറത്താക്കുകയും ചെയ്യുമെന്ന് ശൈഖ ചൂണ്ടിക്കാട്ടി. പരമത വിദ്വേഷം പരത്തുന്ന വിധത്തിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട ഒരു ഇന്ത്യക്കാരെൻറ കുറിപ്പാണ് ഇതിന് ഉദാഹരണമായി ശൈഖ ട്വിറ്ററിൽ പങ്കുവെച്ചത്.
കോവിഡിന് കാരണക്കാർ മുസ്ലിംകളാണ് എന്ന മട്ടിലും മുസ്ലിംകൾ കോവിഡ് പരത്തുന്നുവെന്നും മറ്റും യു.എ.ഇയിൽ ജോലി ചെയ്യുന്ന ചില ഇന്ത്യക്കാർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇവരിൽ മൂന്നു പേരുടെ ജോലി നഷ്ടപ്പെട്ടു.
അതേസമയം, ഇന്ത്യക്കാരെയും ബംഗ്ലാ സ്വദേശികളെയും അപഹസിച്ച് പോസ്റ്റിട്ട ഇമറാത്തി മാധ്യമ പ്രവർത്തകനെതിരെയും ഉടനടി യു.എ.ഇ സർക്കാർ നടപടി സ്വീകരിച്ചു. ട്വിറ്ററിലൂടെ അപഹാസ്യ വീഡിയോ പങ്കുവെച്ച കവിയും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യവുമായ താരിഖ് അൽ മെഹ്യാസ് അറസ്റ്റിലാണിപ്പോൾ.
സൗദി പണ്ഡിതൻ ആബിദ് സഹ്റാനിയും വർഗീയത പരത്തുന്ന ഭീകരർക്കെതിരെ പ്രതിഷേധമറിയിച്ചിട്ടുണ്ട്. ജാതിയോ മതമോ നോക്കാതെ ഗൾഫ് രാജ്യങ്ങൾ ഇന്ത്യക്കാരുൾപ്പെടെയുള്ള പ്രവാസികൾക്ക് ചികിത്സ ഒരുക്കുേമ്പാൾ വർഗീയ ഭീകരർ മുസ്ലിം വിരോധം പരത്താൻ നടക്കുകയാണെന്നും ഇത്തരക്കാരെ നാടുകടത്തണമെന്നും സഹ്റാനി ട്വീറ്റ് ചെയ്തു.
മുൻകാലങ്ങളിൽ വർഗീയ, വിദ്വേഷ പോസ്റ്റുകൾ ഇടുന്ന ഇന്ത്യക്കാർക്കെതിരെ പ്രവാസികളോ തൊഴിലുടമളോ തന്നെ പൊലീസിൽ സമീപിക്കാറുണ്ടായിരുന്നുവെങ്കിലും അറബ് ലോകത്തെ സ്വദേശികൾ സാധാരണ ഗതിയിൽ മൗനം പാലിക്കാറായിരുന്നു പതിവ്. എന്നാൽ ലോകം ഒറ്റക്കെട്ടായി കൊറോണക്കെതിരെ പൊരുതുേമ്പാഴും ജനങ്ങൾക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിക്കുവാൻ ചിലർ ശ്രമിക്കുന്നതാണ് അറബ് പൗരൻമാരെപ്പോലും പ്രതികരിക്കാൻ നിർബന്ധിതരാക്കിയത്.