കോഴിക്കോട്: (www.mediavisionnews.in) കോയമ്പത്തൂരിലെ ഹോസ്റ്റലില്‍ അകപ്പെട്ട ആറോളം വിദ്യാര്‍ഥികള്‍ സഹായത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചത്. എന്നാല്‍ നമ്പര്‍മാറി ഫോണെടുത്തതോ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും. പക്ഷേ വിദ്യാര്‍ഥികള്‍ക്ക് നിരാശപ്പെടേണ്ടിവന്നില്ല. വൈകാതെതന്നെ ഇവര്‍ക്കായി സഹായമെത്തി.
കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലെ ഒപ്‌റ്റോമെട്രി ട്രെയിനികളായി ജോലി ചെയ്യുന്ന തിരൂര്‍, തൃപ്രങ്ങോട്, അരീക്കോട്, എടപ്പാള്‍, വൈരങ്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥിനികളായ സജ്ന, മുഹ്സിന, ശാമിലി, മുഫീദ, അമൃത, മുഹ്സിന എന്നിവരാണ് ലോക്ഡൗണിനെത്തുടര്‍ന്ന് ഹോസ്റ്റലില്‍ പെട്ടുപോയത്. മാര്‍ച്ച് 24 വരെ ആശുപത്രി പ്രവര്‍ത്തിച്ചിരുന്നതിനാല്‍ ഇവര്‍ക്ക് കേരളത്തിലേക്ക് മടങ്ങാന്‍ സാധിച്ചിരുന്നില്ല. ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും തീര്‍ന്നതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സഹായം തേടി നാട്ടിലെത്താനായിരുന്നു വിദ്യാര്‍ഥികളുടെ ശ്രമം. ഇതിനായി സഹായി നല്‍കിയ നമ്പറില്‍ ബന്ധപ്പെട്ടപ്പോഴാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫോണെടുത്തത്. നാട്ടിലെത്തണമെന്ന് അറിയിച്ചപ്പോള്‍, വാളയാറില്‍ എത്തിയാല്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയേണ്ടിവരുമെന്നും അതിലും നല്ലത് നില്‍ക്കുന്ന സ്ഥലത്തു തന്നെ സുരക്ഷിതമായി കഴിയുകയാണെന്നും ഉമ്മന്‍ ചാണ്ടി വിദ്യാര്‍ഥികളെ പറഞ്ഞ് ബോധ്യപ്പെടുത്തി. അതിനുശേഷം വൈകീട്ട് അഞ്ച് മണിയ്ക്ക് ഒരാള്‍ വിളിക്കുമെന്നറിയിക്കുകയും ചെയ്തു.
വൈകീട്ട് കൃത്യസമയത്ത് വിളിച്ചയാള്‍ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ അന്വേഷിക്കുകയും ഒരു മാസത്തേക്കുള്ള ഭക്ഷ്യ ധാന്യങ്ങളും, മറ്റ് അവശ്യ വസ്തുക്കളും ഉടന്‍ താമസ സ്ഥലത്ത് എത്തിക്കുകയും ചെയ്തു.