തിരുവനന്തപുരം (www.mediavisionnews.in): കോവിഡ് 19-മായി ബന്ധപ്പെട്ടുള്ള ലോക്ക്ഡൗൺ നീട്ടുകയാണെന്ന തരത്തിലുള്ള വിചാരം നല്ലതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങളെ കാണുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോക്ക്ഡൗൺ നീട്ടുന്നതുമായി ബന്ധപ്പെട്ട് നാളെ രാവിലെ പത്ത് മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. ഏതെല്ലാം മേഖലകളിൽ ഇളവ് നൽകണമെന്ന കാര്യത്തിൽ അതിനുശേഷം സംസ്ഥാനം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങൾ ലോക്ക്ഡൗൺ അവസാനിക്കുകയാണോ എന്ന പ്രതീതിയിലെത്തിയോ എന്നു സംശയമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് കൂടുതലായി ജനങ്ങൾ പുറത്തിറങ്ങി. വിഷുത്തലേന്ന് ആയതിനാലാവാം, വടക്കൻ കേരളത്തിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. ഇത് ഗൗരവമായി കാണേണ്ട കാര്യമാണ്. ഒരു കാരണവശാലും കൂടിച്ചേരലും ജനങ്ങളുടെ ഇടപഴകലും പൊതുസ്ഥലത്തെ തിരക്കും അനുവദിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡയാലിസിസ് രോഗികളെ ആശുപത്രിയിലും തിരികെയുമെത്തിക്കുന്നതിൽ സന്നദ്ധ സേവകരുടെ സേവനം ഉറപ്പാക്കും. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ ആളുകൾ വിവിധ വഴികളിലൂടെ സഞ്ചരിക്കുന്നതായും അതിർത്തി കടക്കുന്നതായും വാർത്തകൾ വരുന്നുണ്ട്. ഇക്കാര്യത്തിൽ അടിയന്തര നടപടിയെടുക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.