തിരുവനന്തപുരം: (www.mediavisionnews.in) ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് റോഡിലിറങ്ങിയതിനെത്തുടര്‍ന്ന് പോലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ തിങ്കളാഴ്ച മുതല്‍ ഉടമകള്‍ക്ക് വിട്ട് നല്‍കിയേക്കും. സംസ്ഥാനത്താകെ 27,300ല്‍ അധികം വാഹനങ്ങളാണ് ഇത്തരത്തില്‍ പോലീസ് പിടിച്ചെടുത്തിരിക്കുന്നത്. പിടിച്ചെടുത്ത വാഹനങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തത് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു.
അതേ സമയം നിയമലംഘനം നടത്തിയ വാഹന ഉടമകളില്‍നിന്നും പിഴ ഈടാക്കുന്നത് സംബന്ധിച്ച് ഇപ്പോഴും തീരുമാനമായില്ല. പോലീസ് സ്‌റ്റേഷനുകളില്‍ നേരിട്ട് പിഴ സ്വീകരിക്കണോ എന്ന കാര്യത്തിലാണ് ഇനിയും തീരുമാനമാകാത്തത്. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും പോലീസ് ആക്ട് നിയമപ്രകാരവുമാണ് വാഹനങ്ങള്‍ പിടിച്ചെടുത്തിരിക്കുന്നത്. വാഹന ഉടമകളില്‍നിന്നും പതിനായിരം രൂപ വരെ പിഴ ഈടാക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. അതേ സമയം വിട്ട് നല്‍കുന്ന വാഹനങ്ങള്‍ ലോക്ക്ഡൗണ്‍ കാലയളവ് കഴിയുംവരെ നിരത്തിലിറക്കരുത്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കാനും തീരുമാനമുണ്ട്.