മെഡിക്കൽ കോളേജ് ആശുപത്രി: കാസർകോട്ടെ ജനങ്ങളെ സംസ്ഥാന സർക്കാർ വീണ്ടും വഞ്ചിക്കുന്നു: മുസ്ലിം ലീഗ്

0
183

കുമ്പള: (www.mediavisionnews.in) കഴിഞ്ഞ യു.ഡി.എഫ് സർക്കാർ കാസർകോട് ജില്ലയ്ക്ക് അനുവദിച്ച മെഡിക്കൽ കോളേജ് ആശുപത്രി പ്രവർത്തനങ്ങൾ തുടങ്ങുന്നത് ഇത്രയും വൈകിപ്പിച്ചതിന്റെ പൂർണ്ണ ഉത്തരവാദിത്വം എൽ.ഡി.എഫ് സർക്കാരിനാന്നെന്നും ഈ കൊടിയ വഞ്ചനയ്ക്ക് അവർ കാസർകോട്ടെ ജനങ്ങളോട് മറുപടി പറയണമെന്നും മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി എം. അബ്ബാസ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

അക്കാദമിക്ക് ബ്ലോക്കിന്റെയടക്കം പണി പൂർത്തീകരിച്ച സ്ഥിതിക് ഉദ്ഘാടനം അനന്തമായി നീട്ടികൊണ്ട് പോവുകയായിരുന്നു. കാസർകോട് കൊവിഡ് ഭീതി വിതച്ചപ്പോൾ ജില്ലയുടെ ചിരകാല സ്വപ്നമായ മെഡിക്കൽ കോളേജിനെ തട്ടിക്കൂട്ടി കൊവിഡ് ആശുപത്രിയാക്കി മാറ്റുകയായിരുന്നു. ജില്ലയിൽ കൊവിഡ് ഭീകരതാണ്ഡവമാടിയത് നേരാണ്. എന്നാൽ കൊവിഡ് രോഗ ലക്ഷണമുള്ളവർക്ക് നിരീക്ഷണ സംവിധാനം ഒരുക്കാനും മറ്റും ജില്ലയിലെ ഭൂരിഭാഗം സദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ മത സ്ഥാപനങ്ങളും സൗകര്യം ഒരുക്കി തരാമെന്നിരിക്കെയാണ് വിദഗ്ധ ചികിത്സാ സംവിധാനങ്ങൾ ഒരുക്കേണ്ട മെഡിക്കൽ കോളേജിനെ കേവലം കൊവിഡ് ആശുപത്രിയാക്കി മാറ്റിയത്.

കൊവിഡ് പശ്ചാതലത്തിൽ കർണാടക അതിർത്തികൾ കൊട്ടിയടച്ചതിന്റെ പേരിൽ വിദഗ്ധ ചികിത്സ കിട്ടാതെ ജില്ലയിൽ പതിനഞ്ച് പേരുടെ ജീവനുകളാണ് പൊലിഞ്ഞത്. ഈ സാഹചര്യത്തിൽ മെഡിക്കൽ കോളേജ് ആശുപത്രി പൂർണ്ണ സജ്ജമായിരുന്നെങ്കിൽ ഒരു പക്ഷേ ഇത്രയും മനുഷ്യജീവനുകൾ രക്ഷിക്കാൻ കഴിയുമായിരുന്നു. ജനങ്ങൾക്ക് ആവശ്യം ഇരുപത്തി നാല് മണിക്കൂറും പ്രവർത്തിക്കുന്ന ആശുപതിയാണ്. കൊവിഡിനെ തുടർന്ന് മംഗളൂരുവിലെ ആശുപത്രികൾ മലയാളികൾക്ക് ചികിത്സാ നിഷേധം തുടരുന്ന ഈ സാഹചര്യത്തിൽ കാസർകോട് മെഡിക്കൽ കോളേജിൽ മുഴുവൻ സമയ ഐ.പി, ഒ.പി സംവിധാനത്തിൽ ആശുപത്രി ആരംഭിക്കേണ്ടതിന് പകരം കൊവിഡ് പ്രതേക ആശുപത്രിയാക്കിയത് സംസ്ഥാന സർക്കാർ കാസർകോടിനെ കുറിച്ച് ഒട്ടും മനസിലാക്കാത്തത് കൊണ്ടാണ്. മെഡിക്കൽ കോളേജിൽ അടിയന്തിരമായി ഒ.പി, ഐ.പിയും ഒരുക്കി ജനങ്ങൾക്ക് ചികിത്സ ലഭ്യമാക്കണം.

മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്ന ഉക്കിനടുക്കയുടെ സമീപ പ്രദേശങ്ങളിലണ് രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ എൻഡോസൾഫാൻ രോഗ ബാധിതരുള്ളതും. മെഡിക്കൽ കോളേജ് ആശുപത്രി പ്രവർത്തനം തുടങ്ങിയാൽ എൻഡോസൾഫാൻ രോഗികൾക്കാണ് ഏറെ ആശ്വാസമാകുക. ഇത്തരം രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ നൽകാൻ നല്ലൊരു ആശുപത്രിയില്ലെന്നത് ഏറ്റവും വലിയ വെല്ലുവിളിയാണ്. ഒരപകടം പറ്റിയാൽ പോലും സർജറികൾ നടത്താൻ പറ്റിയ ആശുപത്രികളാ മറ്റു സംവിധാനങ്ങളോ മഞ്ചേശ്വരം മണ്ഡലത്തിലുമില്ല.

കൊവിഡ് ആശുപത്രിയാക്കി പ്രവർത്തനമാരംഭിച്ച കാസർകോട് മെഡിക്കൽ കോളേജിൽ ഇരുപത്തി നാലുമണിക്കൂറും പ്രവർത്തിക്കുന്ന ചികിത്സാ സംവിധാനങ്ങൾ ഒരുക്കാൻ സർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി എം.അബ്ബാസ് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here