ഉപ്പള: (www.mediavisionnews.in) മംഗൽപ്പാടിയിലെ മഞ്ചേശ്വരം താലൂക്ക് ആശുപത്രിക്ക് വേണ്ടി അഞ്ച് നില കെട്ടിടം പണിയുമെന്ന ജില്ലാ കളക്ടറുടെ പ്രഖ്യാപനം വന്നയുടനെ ഒരു ലക്ഷം രൂപ സഹായ വാഗ്ദാനവുമായി മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പ്രവർത്തകരുടെ കൂട്ടായ്മയായ ഗ്രീൻ ഹൗസ് അസോസിയേഷൻ.
വെള്ളിയാഴ്ച രാവിലെയാണ് എം.സി ഖമറുദ്ദീൻ എം.എൽ.എ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്റഫ്, മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് ശാഹുൽ ഹമീദ് ബന്തിയോട് തുടങ്ങിയവരുൾപ്പെടെയുള്ള യോഗത്തിന് ശേഷം ജില്ലാ കളക്ടർ ഡോ. സജിത്ത് ബാബു ഫേസ്ബുക് ലൈവിൽ കെട്ടിട നിർമാണം പ്രഖ്യാപിച്ചത്. അഞ്ചു കോടി ചിലവ് പ്രതീക്ഷിക്കുന്ന കെട്ടിടത്തിന് പ്രദേശത്തെ ഉദാരമതികളിൽ നിന്നും സഹായം പ്രതീക്ഷിക്കുന്നതായും സംഭാവന സ്വരൂപിക്കാനായി പ്രത്യേകം ബാങ്ക് അക്കൗണ്ട് ഉടൻ ആരംഭിക്കുമെന്നും കളക്ടർ അറിയിച്ചിരുന്നു.
അനേകം ജീവ കാരുണ്യ പ്രവർത്തനങ്ങളിലും വികസന വിഷയങ്ങളിലും സാമൂഹ്യ സേവനങ്ങളിലും സജീവമായി ഇടപെടാറുള്ള ഗ്രീൻ ഹൗസ് അസോസിയേഷൻ പെട്ടെന്ന് തന്നെ ഓൺലൈൻ ചർച്ച നടത്തുകയും സഹായ ധനം പ്രഖ്യാപിക്കുകയുമായിരുന്നെന്ന് ഗ്രീൻ ഹൗസ് ഭാരവാഹികളായ സുബൈർ കുബണൂർ, മുനീർ ബേരിക, റിയാസ് അയ്യൂർ, അസീസ് ഉളുവാർ, മജീദ് പച്ചമ്പള, അസീസ് ബള്ളൂർ എന്നിവർ അറിയിച്ചു. കളക്ടർ അറിയിച്ച പ്രകാരം ബാങ്ക് അക്കൗണ്ട് ആരംഭിച്ചയുടനെ തുക ട്രാൻസ്ഫർ ചെയ്യുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.