കോവിഡ് പശ്ചാത്തലത്തില്‍ അടച്ച മക്ക മദീന ഹറം പള്ളികളിലെ സ്ഥിതിഗതികള്‍ വേഗത്തില്‍ സാധാരണ നിലയിലേക്കെത്തുമെന്ന് ഇരു ഹറം കാര്യാലയ വിഭാഗം മേധാവി ഡോ.അബ്ദു റഹ്മാന്‍ അല്‍ സുദൈസ്. സ്ഥിതിഗതികള്‍ സാധാരണ ഗതിയിലായാല്‍ എല്ലാവര്‍ക്കും പ്രവേശിക്കാം. കഅ്ബക്കരികിലെ പ്രദക്ഷിണവും ഉടന്‍ അനുവദിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഹറം തുറന്നു കഴിഞ്ഞാല്‍ കര്‍ശനമായ കോവിഡ് പ്രതിരോധ പരിശോധക്ക് ശേഷമേ മക്ക മദീന പള്ളികളിലേക്കും പ്രവേശിപ്പിക്കൂ. മക്ക ഹറം പള്ളിയിലെ കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി സ്ഥാപിച്ച വിവിധ തെര്‍മല്‍ സ്കാനിങ് ഉപകരണങ്ങളും ഓസോണ്‍ സ്റ്റെറിലൈസേഷന്‍ ഉപകരണങ്ങളും ക്രമീകരണങ്ങളും നേരില്‍ കണ്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ക്ഷേമം മുന്നില്‍ കണ്ടാണ് ഭരണാധികാരികളുടെ നിലവിലെ തീരുമാനം. ഇരു ഹറം സേവകനായ ഭരണാധികാരി സല്‍മാന്‍ രാജാവ് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.