മംഗളൂരുവിൽ ലോക്ക്ഡൗണ്‍ ലംഘിച്ച് യുവാവിനെ ട്രോളിബാഗില്‍ കടത്തി; സുഹൃത്തിനെതിരെ കേസ്

0
169

മംഗളൂരു: (www.mediavisionnews.in) ലോക്ക്ഡൗണിനെത്തുടർന്ന് കളിയും തമാശയും പുറത്തെ കറക്കവുമൊന്നുമില്ലാതെ ബോറടിച്ച പതിനേഴുകാരൻ സുഹൃത്തിനെ വീട്ടിലെത്തിക്കാൻ ശ്രമിച്ചത് സിനിമാരംഗങ്ങളെ വെല്ലുന്ന തിരക്കഥയൊരുക്കിയിട്ട്. മംഗളൂരു നഗരമധ്യത്തിൽ ബൽമട്ട ആര്യസമാജം റോഡിലെ അപ്പാർട്ട്‌മെന്റിലാണ് ആത്മസുഹൃത്തിനെ ട്രോളിബാഗിലാക്കി വീട്ടിലെത്തിക്കാൻ ശ്രമം നടന്നത്. വാച്ച്മാൻ പിടിച്ചതോടെ പദ്ധതി പൊളിയുകയും ഒടുവിൽ യുവാക്കൾ പോലീസ് പിടിയിലാവുകയും ചെയ്തു.

കൊറോണഭീതി നിലനിൽക്കുന്നതിനാൽ അപ്പാർട്ട്‌മെന്റിലേക്ക് പുറത്തുനിന്നുള്ള ആരെയും കടത്തിവിട്ടിരുന്നില്ല. ഈ കൗമാരക്കാരന്റെ കൂട്ടുകാരെയും വാച്ച്‌മാൻ അപ്പാർട്ട്‌മെന്റ് കവാടത്തിൽ പലതവണ തടഞ്ഞിരുന്നു. തുടർന്നാണ് എന്ത് സാഹസം കാണിച്ചും പാണ്ഡേശ്വരത്തുള്ള കൂട്ടുകാരനെ അപ്പാർട്ട്മെന്റിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചത്. തലപുകഞ്ഞാലോചിച്ചപ്പോൾ തെളിഞ്ഞ ഉപായമാണ് വീട്ടിലെ വലിയ ട്രോളിബാഗിൽ ഒളിപ്പിച്ച് എത്തിക്കുകയെന്നത്. അച്ഛന്റെയും അമ്മയുടെയും കണ്ണുവെട്ടിച്ച് ട്രോളിബാഗുമായി വീട്ടിൽനിന്ന്‌ പുറത്തിറങ്ങി. അപ്പാർട്ട്മെന്റിനരികിലെത്തിയ സുഹൃത്തിനെ ബാഗിനുള്ളിലാക്കി സിബ്ബടച്ച് പ്രധാന ഗേറ്റുവഴി വാച്ച്മാന്റെ മുന്നിലൂടെ കൂളായി ഉരുട്ടി കൊണ്ടുവന്നു.

പക്ഷേ, പദ്ധതി പൊളിയാൻ അധികസമയം വേണ്ടിവന്നില്ല. 10 മിനുട്ടോളമെടുത്ത് ലിഫ്റ്റിനടുത്തെത്തിയപ്പോഴേക്കും ബാഗിനുള്ളിലെ സുഹൃത്തിന് അസ്വസ്ഥതയുണ്ടായി. ലിഫ്റ്റ് എത്താൻ താമസിക്കുകയും ചെയ്തതോടെ സംഗതി പാളി. ബാഗിനുള്ളിൽനിന്ന് സുഹൃത്ത് ഇളകാൻ തുടങ്ങി. ഇതുകണ്ട അടുത്തുള്ളവർ അമ്പരന്ന് നിലവിളിച്ചു. സംശയം തോന്നിയ താമസക്കാരും കാവൽക്കാരനും ചേർന്ന് ബാഗ് തുറന്നപ്പോൾ അകത്ത് പതിനേഴുകാരൻ ചുരുണ്ടിരിക്കുന്നു. ഉടനെ പോലീസിനെ വിളിച്ചുവരുത്തി ഇരുവരെയും കൈമാറി. മാതാപിതാക്കളോടൊപ്പം സ്റ്റേഷനിലെത്തിച്ച ഇവരെ പോലീസ് താക്കീതു ചെയ്തു. ലോക്ക്ഡൗൺ നിയമം ലംഘിച്ചതിന് കേസ് രജിസ്റ്റർചെയ്തശേഷം ഇരുവരെയും വിട്ടയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here