പ്രവാസികളെ തിരിച്ചു കൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണം: ജിഫ്‌രി തങ്ങള്‍

0
181

കോഴിക്കോട് (www.mediavisionnews.in):  കൊറോണ വ്യാപനം കാരണം വിദേശ രാജ്യങ്ങളില്‍ ജീവിക്കാന്‍ പ്രയാസപ്പെടുന്ന പ്രവാസികളെ എത്രയും പെട്ടെന്ന് നാട്ടിലേക്ക് തിരിച്ചു കൊണ്ടുവന്ന് മികച്ച ചികിത്സ ലഭ്യമാക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാറും സ്വീകരിക്കണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍.

കൊറോണ വൈറസിനെതിരേയുള്ള പ്രതിരോധം കേരളത്തില്‍ വിജയകരമായി മുന്നേറുമ്പോള്‍ നമ്മുടെ നാടിന്റെ പുരോഗതിക്ക് വലിയ പങ്കുവഹിച്ച പ്രവാസികള്‍ പൂര്‍ണമായും സുരക്ഷിതരല്ലെന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. അറബ് ഭരണാധികാരികള്‍ മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ ഒരുമിച്ച് കഴിയുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ ഇപ്പോഴും ഈ രോഗം വ്യാപിച്ചു കൊണ്ടിരിക്കുകയാണ്.

ഗള്‍ഫ് രാജ്യങ്ങളിലുൾപെടെ ജോലി ചെയ്യുന്ന ഇന്ത്യക്കാരില്‍ വലിയൊരു വിഭാഗം മലയാളികളാണ്. പ്രളയമുള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ സംഭവിച്ചപ്പോള്‍ നാടിനെ താങ്ങി നിര്‍ത്തിയത് പ്രവാസികളാണ്. ഈ ഘട്ടത്തില്‍ അവരെ നാട്ടിലേക്ക് തിരിച്ചു കൊണ്ടുവന്ന് ആവശ്യമായവർക്ക് മികച്ച ചികിത്സ നല്‍കേണ്ടത് നമ്മുടെ ബാധ്യതയാണെന്നും തങ്ങള്‍ ഓര്‍മിപ്പിച്ചു.

മറ്റു പല രാജ്യങ്ങളും അവരുടെ പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കുമ്പോള്‍ നമ്മുടെ സര്‍ക്കാരുകൾ ഇത്തരത്തിലുള്ള നടപടികളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ലെന്നത് ദുഖകരമാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here