പ്രവാസി വ്യവസായി ജോയി അറക്കലിന്‍റെ മരണത്തില്‍ വെളിപ്പെടുത്തലുമായി ദുബായ് പൊലീസ്

0
216

ദുബായ്: യുഎഇയിലെ വ്യവസായിയും വയനാട് മാനന്തവാടി സ്വദേശിയുമായ ജോയി അറക്കലിന്‍റെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ദുബായ് പൊലീസ്.  ഇദ്ദേഹത്തിന്‍റെ മരണം ആത്മഹത്യയാണെന്നാണ് ഇപ്പോള്‍ ദുബായ് പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

‘സുഹൃത്തിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്‍റെ 14ാം നിലയില്‍ നിന്ന് ഒരാള്‍ ചാടി ആത്മഹത്യ ചെയ്തെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്. ബിസിനസുകാരനായ ഇദ്ദേഹം  സാമ്പത്തിക പ്രതിസന്ധി മൂലമാണ് ആത്മഹത്യയെന്നുമാണ് റിപ്പോര്‍ട്ട്’ ദുബായ് പൊലീസ്  വ്യക്തമാക്കിയതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഏപ്രില്‍ 23നായിരുന്നു ഇദ്ദേഹം ദുബായില്‍ മരിച്ച വിവരം പുറത്തുവന്നത്. എന്നാല്‍ മരണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിരുന്നില്ല. മരണത്തില്‍ മറ്റ് ക്രിമിനല്‍ ഇടപെടലുകളും കൊലപാതക സാധ്യതകളും അന്വേഷണത്തിന് ശേഷം പൊലീസ് തള്ളിക്കളഞ്ഞു. മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനായി വിട്ടുനല്‍കാന്‍ ബന്ധുക്കളുമായി ബന്ധപ്പെട്ടതായും ദുബായ് പൊലീസ് അറിയിച്ചു.

ഇന്നോവ റിഫൈനിങ് ആന്‍ഡ് ട്രേഡിങ് ഉള്‍പ്പെടെ ഒട്ടേറെ കമ്പനികളുടെ ഉടമയാണ് ജോയി. വിവിധ വ്യവസായ സ്ഥാപനങ്ങളുടെ മേധാവിയായിരുന്ന അദ്ദേഹത്തിന് വന്‍കിട നിക്ഷേപകര്‍ക്ക് യുഎഇ സര്‍ക്കാര്‍ നല്‍കുന്ന ഗോള്‍ഡ് കാര്‍ഡ് വിസ ലഭിച്ചിരുന്നു. അറക്കല്‍ പാലസിന്റെ ഉടമയെന്ന നിലയിലും ശ്രദ്ധേയനാണദ്ദേഹം. നിരവധി ജീവകാരുണ്യ സംരംഭങ്ങള്‍ക്കും ഡയാലിസിസ്, ഭവനനിര്‍മ്മാണ പദ്ധതികള്‍ക്കും നേതൃത്വം നല്‍കിയിരുന്നു. ഭാര്യ: സെലിന്‍. മക്കള്‍: അരുണ്‍, ആഷ്‌ലി.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here