കാസര്‍കോട്: കൊവിഡ്- 19 ബാധിച്ച് രോഗം ഭേദമായവരെ സ്വകാര്യ ഡോക്ടര്‍മാര്‍ ബന്ധപ്പെടുന്നതായി ആരോപണം. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഉള്‍പ്പെടെ കൊവിഡ്- 19 ബാധിച്ച് ചികിത്സയില്‍ കഴിയുകയും രോഗം ഭേദമാവുകയും ചെയ്തവരെ തേടിയാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള സ്വകാര്യ ഡോക്ടര്‍മാര്‍ ഫോണിലൂടെ വിളിച്ചത്. രോഗം ഭേദമായി വീട്ടിലേക്ക് തിരികെ പോയ ചിലരെയാണ് തുടര്‍ചികിത്സ വാഗ്ദാനം ചെയ്ത് കര്‍ണ്ണാടക ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ചില സ്വകാര്യ ആശുപത്രി അധികൃതര്‍ ബന്ധപ്പെട്ടത്. ഡോക്ടര്‍മാര്‍ക്ക് പുറമെ ഇവരുടെ ഏജന്റുമാരും രോഗം ഭേദമായവരെയും ഇവരുടെ കുടുംബങ്ങളെയും ഫോണ്‍ മുഖേന ബന്ധപ്പെട്ടിട്ടുണ്ട്.
സ്പ്രിംഗ്ളർ വിഷയത്തില്‍ വിവരങ്ങള്‍ അവരുടെ സമ്മതമില്ലാതെ ഒരു കാരണവശാലും പുറത്ത് പോകാന്‍ പാടില്ലെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് കര്‍ശനമായ നിര്‍ദേശം നല്‍കിയിരിക്കുന്ന സാഹചര്യത്തിലാണ് ഇവരെ തേടി ഫോണ്‍ കോളുകള്‍ എത്തിയതെന്നതും ഏറെ ഗുരുതരമാണ്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്ന് രോഗം ഭേദമായ പത്തിലധികം പേരെയാണ് ഇതിനകം സ്വകാര്യ ആശുപത്രികളില്‍ നിന്നു വിളിച്ചുകഴിഞ്ഞത്.
ഇവര്‍ക്ക് രോഗം നിര്‍ണയിച്ചതു മുതല്‍ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ആശുപത്രിയില്‍ തന്നെയാണ് ചെയ്തത്. തുടര്‍ ചികിത്സയും അങ്ങനെ തന്നെയായിരുന്നു. പിന്നെങ്ങിനെ രോഗികളുടെ വിവരങ്ങള്‍ പുറത്തേക്കു ചോര്‍ന്നുവെന്നത് അജ്ഞാതമാണ്.
ചികിത്സ പൂര്‍ണമായും സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണെന്നും രോഗികളുടെ ഡാറ്റ സര്‍ക്കാരിന് മാത്രമാണ് നല്‍കുന്നതെന്നും ആരും കെണിയില്‍ വീണുപോകരുതെന്നുമാണ് ഇത് സംബന്ധമായി ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍ ഇവരുടെ വിവരങ്ങള്‍ എങ്ങനെ ചോര്‍ന്നുവെന്നതിനു വ്യക്തമായ ഉത്തരം നല്‍കാന്‍ ആരോഗ്യ വകുപ്പിന് കഴിയുന്നില്ല. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ പ്രവാസികളായ പത്തോളം ആളുകള്‍ക്കാണ് ശരീരത്തിലെ പ്രതിരോധ ശേഷി പരിശോധിക്കാനും, രക്തത്തില്‍ അണുബാധയുണ്ടോയെന്നും പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള വിളി വന്നത്. വൈറ്റമിന്‍ പരിശോധന ആവശ്യമാണെന്നും കുടുംബാംഗങ്ങളെ ആശുപത്രിയിലേക്ക് അയക്കണമെന്നും ഇതിന് 400 രൂപ ഫീസ് ആവശ്യപ്പെടുകയും ചെയ്തതായും പറയുന്നു.
അതേസമയം കൊവിഡ്- 19 ഹെല്‍പ്പ് ഡെസ്‌ക്കില്‍ നിന്നെന്നു പറഞ്ഞാണ് നെഗറ്റീവായ രോഗികളെ ഇവര്‍ പരിചയപ്പെടുന്നത്. സ്വകാര്യ ഡോക്ടറുടെ കോളുകള്‍ക്ക് പുറമേ ബംഗളൂരുവിലെ കൊവിഡ് സെല്ലില്‍ നിന്നാണെന്ന് പറഞ്ഞും കോളുകള്‍ ഇവരെ തേടിയെത്തിയതായി വിവരമുണ്ട്. രോഗികളുടെ വിവരങ്ങള്‍ ഞങ്ങളുടെ കൈയ്യിലുണ്ടെന്നും പരിശോധനക്ക് വരണമെന്നും പറഞ്ഞ അവസ്ഥ ഉണ്ടായതായും രോഗികള്‍ വ്യക്തമാക്കി.