കൊവിഡ് 19 കാലത്ത് ഇസ്‌ലാമോഫോബിയ വളര്‍ത്തുന്നത് നിര്‍ത്തണം: മോദിയോട് ഇസ്‌ലാമിക രാജ്യങ്ങള്‍

0
189

ജിദ്ദ: (www.mediavisionnews.in) കൊവിഡ് 19 പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഇസ്‌ലാമോഫോബിയ വളര്‍ത്താനുള്ള നീക്കങ്ങള്‍ക്കെതിരെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ ഓപറേഷന്‍ (ഒ.ഐ.സി) പ്രതിഷേധം അറിയിച്ചു. ഒ.ഐ.സിയുടെ മനുഷ്യാവകാശ വിഭാഗമായ ഐ.പി.എച്ച്.ആര്‍.സിയാണ് പ്രതിഷേധം അറിയിച്ചത്.

കൊവിഡ് 19 പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ മാധ്യമങ്ങള്‍ മോശം രീതിയില്‍ മുസ്‌ലിങ്ങളെ ചിത്രീകരിക്കുകയാണെന്നും അവര്‍ക്കെതിരെ വിവേചനവും അതിക്രമങ്ങളും ഉയരുന്നുണ്ടെന്നും ഒ.ഐ.സി അറിയിച്ചു.

ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ മുസ്‌ലീം ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും ഇസ്‌ലാമിക രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.

നേരത്തെ മോദി സര്‍ക്കാര്‍ കൊവിഡിനെ ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കുമിടയില്‍ വിഭജനം സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് എഴുത്തുകാരി അരുന്ധതി റോയ് രംഗത്തെത്തിയിരുന്നു. ജര്‍മന്‍ ചാനലായ ഡി.ഡബ്ല്യൂ ടി.വിക്കുവേണ്ടി നല്‍കിയ അഭിമുഖത്തിലായിരുന്നു അരുന്ധതി റോയിയുടെ പ്രതികരണം.

‘കൊവിഡിന്റെ മറവില്‍ കേന്ദ്രസര്‍ക്കാര്‍ യുവനേതാക്കളെ അറസ്റ്റ് ചെയ്യുന്നു, അഭിഭാഷകര്‍, എഡിറ്റര്‍മാര്‍, ചിന്തകര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കുന്നു. ജൂതന്മാരെ ഒറ്റപ്പെടുത്താനും അവര്‍ക്കെതിരെ വെറുപ്പ് പടര്‍ത്താനും ടൈഫസ് എന്ന പകര്‍ച്ചപ്പനിയെ നാസികള്‍ ഉപയോഗിച്ചിരുന്നതിന് സമാനമായ രീതിയിലാണ് കൊവിഡിനെ മുസ്‌ലിക്കെതിരെ മോദി സര്‍ക്കാര്‍ ഉപയോഗിക്കുന്നത്’- അരുന്ധതി റോയ് പറഞ്ഞു.

നേരത്തെ കൊവിഡ് 19 മതവും ജാതിയും നോക്കിയല്ല ബാധിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. കൊവിഡിനെ നേരിടേണ്ടത് സാഹോദര്യവും ഒരുമയും കൊണ്ടാണ്. നമ്മളെല്ലാവരും അതില്‍ ഒരുമിച്ചാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here