തിരുവനന്തപുരം: (www.mediavisionnews.in) കൊവിഡ് 19 പ്രതിരോധത്തിന് സാങ്കേതിക വിദ്യയും ഉപയോഗിക്കാന്‍ കേരളം ഒരുങ്ങുന്നു. ആരോഗ്യരംഗത്തെ സര്‍വ്വസന്നാഹങ്ങളുമുപയോഗിച്ച് കൊവിഡ് രണ്ടാം ഘട്ടത്തെ വരുതിയില്‍ നിര്‍ത്തിയ കേരളം സാങ്കേതികവിദ്യയുടെ സഹായത്തോടെ അടുത്തഘട്ടം തടയാനാണ് തയ്യാറെടുക്കുന്നത്.
ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്ന മുറയ്ക്ക് കേരളത്തിലേക്ക് തിരിച്ചെത്തുന്നവര്‍ക്ക് ഡിജിറ്റല്‍ പാസ് നിര്‍ബന്ധമാക്കാനാണ് നീക്കം. രോഗസാധ്യതയുള്ളവരുടെ വിവരങ്ങള്‍ അറിയിക്കാന്‍ മൊബൈല്‍ ആപ്പ് കൊണ്ടുവരുന്നതും പരിഗണനയിലുണ്ട്.
വിദേശത്ത് നിന്നോ മറ്റോ കേരളത്തിലേക്ക് വരുന്നവര്‍ നേരത്തെ വിവരം രജിസ്റ്റര്‍ ചെയ്യണം. മുന്‍കൂര്‍ അനുമതി ലഭിക്കുന്നവര്‍ക്ക് ഡിജിറ്റല്‍ പാസ് അനുവദിക്കാനാണ് സര്‍ക്കാര്‍ നീക്കം.
പാസുള്ളവര്‍ക്കേ വിമാനത്താവളങ്ങളില്‍ നിന്നും റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറത്തുകടക്കനാവൂ. ഇങ്ങനെ വരുന്നവരെ സമീപത്ത് തന്നെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കും. രോഗസാധ്യതയുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ് മറ്റൊരുഘട്ടം.
മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയിലുള്ളവരുടെ വിവരങ്ങളും ക്രോഡീകരിക്കും. ഇതിനായി തദ്ദേശഭരണസ്ഥാപനങ്ങളുടെ സഹായത്തോടെ വിവരങ്ങളെടുക്കും. ടെലിമെഡിസിന്‍ സംവിധാനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കും. ഐ.ടി മിഷന്റെ നേതൃത്വത്തിലാണ് ഡിജിറ്റല്‍ പ്രതിരോധമാര്‍ഗങ്ങള്‍ക്ക് സംസ്ഥാനം ഒരുങ്ങുന്നത്.
കൊവിഡ് ഭീഷണി അവസാനിച്ചാലും ഈ ഡാറ്റാബേസ് ആരോഗ്യമേഖലയ്ക്ക് മുതല്‍ക്കൂട്ടാവും. ലോക്ക് ഡൗണ്‍ പിന്‍വലിച്ചാല്‍ സംസ്ഥാനത്തേക്ക് പലയിടുത്ത് നിന്നും മലയാളികള്‍ തിരിച്ചെത്തുമെന്നത് മുന്നില്‍ക്കണ്ടാണ് സര്‍ക്കാര്‍ നീക്കം.
നേരത്തെ കൊവിഡ് 19 രോഗത്തെ ചെറുക്കാന്‍ പ്ലാസ്മ തെറാപ്പിക്ക് കേരളത്തിന് അനുമതി ലഭിച്ചിരുന്നു. കൊവിഡ് ഭേദമായവരില്‍ നിന്നും ആന്റിബോഡി വേര്‍തിരിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് നല്‍കുന്നതാണ് ചികിത്സ.
ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ പരീക്ഷണം നടത്താന്‍ ഐ.സി.എം.ആര്‍ ആണ് അനുമതി നല്‍കിയത്. അമേരിക്ക, ചൈന തുടങ്ങി വളരെ കുറച്ച് രാജ്യങ്ങളില്‍ മാത്രമാണ് പ്ലാസ്മ തെറാപ്പിയില്‍ പരീക്ഷണം നടക്കുന്നത്.
ഇന്ത്യയില്‍ ഇത് സംബന്ധിച്ച പ്രൊജക്ട് തയ്യാറാക്കി സമര്‍പ്പിച്ചത് ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്. മെഡിക്കല്‍ സയന്‍സസ് ട്രാന്‍സ്ഫ്യൂഷന്‍സ് മെഡിസിന്‍ വിഭാഗം മേധാവി ഡോ. ദേബാഷിഷ് ഗുപ്തയുടെ നേതൃത്വത്തിലാണ് പ്രൊജക്ട് തയ്യറാക്കിയത്.
ക്ലിനിക്കല്‍ ട്രയല്‍ നടത്താനുള്ള ഐ.സി.എം.ആര്‍ അനുമതി ലഭിച്ചു കഴിഞ്ഞു. ശ്രീചിത്രയുടെ നേതൃത്വത്തില്‍ അഞ്ച് മെഡിക്കല്‍ കോളജുകളിലായാകും പരീക്ഷണം നടക്കുക. ഐ.സി.എം.ആര്‍ അനുമതി ലഭിച്ചെങ്കിലും ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ കൂടി അനുമതി പരീക്ഷണത്തിന് വേണം.