കാളികാവ് : കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ക്വാറന്റൈനില്‍ കഴിയണമെന്ന ആവശ്യം നിരാകരിച്ച് രണ്ടാംഭാര്യയുടെ വീട്ടിലേക്ക് മുങ്ങിയയാള്‍ക്ക് കിട്ടിയത് മുട്ടന്‍പണി. നാലുവര്‍ഷം ഒളിപ്പിച്ചു വെച്ചിരുന്ന രണ്ടാംവിവാഹ രഹസ്യം പരസ്യമായെന്ന് മാത്രമല്ല ഒരു മാസം ക്വാറന്റീനും ഒപ്പം കേസും.
കായംകുളം സ്വദേശിയായ അമ്പത്തഞ്ചുകാരനാണ് പണി പാലുംവെള്ളത്തില്‍ കിട്ടിയത്. നാലുവര്‍ഷമായി രഹസ്യമാക്കിവെച്ച രണ്ടാംവിവാഹമാണ് ഒറ്റ് നിമിഷംകൊണ്ട് പുറത്തറിഞ്ഞത്.
നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തയാളായിരുന്നു ഇയാള്‍. നാട്ടില്‍ 28 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞു. അതുകഴിഞ്ഞപ്പോള്‍ അധികൃതരുടെ സമ്മതപത്രത്തോടെ പുറത്തിറങ്ങി. അടുത്തദിവസം രാത്രിതന്നെ മലപ്പുറം ജില്ലയിലെ രണ്ടാംഭാര്യയുടെ വീട്ടിലെത്തി.
നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തയാള്‍ എത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞ് പോലീസും ആരോഗ്യവകുപ്പും വീട്ടിലെത്തി. കായംകുളത്ത് 28 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതാണെങ്കിലും 14 ദിവസം മമ്പാട്ടുമൂലയിലെ വീട്ടില്‍നിന്ന് പുറത്തിറങ്ങാതെ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
എന്നാല്‍ മൂന്നാംദിവസംതന്നെ അധികൃതരുടെ നിര്‍ദേശം അവഗണിച്ച് ഇയാള്‍ തിരികെ കായംകുളത്തേക്ക് കടന്നു. പുലരുംമുമ്പേ മുങ്ങിയ ഇയാളെക്കുറിച്ച് സ്‌പെഷ്യല്‍ബ്രാഞ്ച് എസ്.ഐ വി. ശശിധരന്‍ കായംകുളം സ്‌പെഷ്യല്‍ബ്രാഞ്ച് എ.എസ്.ഐ ഷാജഹാനെ അറിയിച്ചു.
കായംകുളത്തെ മേല്‍വിലാസത്തില്‍ അന്വേഷിച്ച് സ്‌പെഷ്യല്‍ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ഇയാളുടെ വീട്ടിലെത്തിയതോടെ രണ്ടാംവിവാഹ വിവരമടക്കം എല്ലാ രഹസ്യങ്ങളും പൊളിഞ്ഞു.
സമ്മേളനങ്ങള്‍ക്കെന്നുപറഞ്ഞ് ഭര്‍ത്താവ് മുങ്ങുന്നത് ഇതിനാണെന്നറിഞ്ഞ ആദ്യഭാര്യ രോഷാകുലയായി. ഭര്‍ത്താവിന്റെ കാറുള്‍പ്പെടെ ഭാര്യ അടിച്ചു തകര്‍ത്തതായി പോലീസ് പറഞ്ഞു.