കേരളത്തില്‍ അടുത്തത് റിവേഴ്‍സ്‍ ക്വാറന്‍റൈന്‍? ചർച്ചകൾ സജീവം

0
170

തിരുവനന്തപുരം: (www.mediavisionnews.in) ലോക്ക് ഡൗണ്‍ തീരുന്നതോടെ സംസ്ഥാനത്ത് റിവേഴ്‍സ് ക്വാറന്‍റൈന്‍ നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവം. രോഗലക്ഷണം ഇല്ലാത്ത പ്രായമായവര്‍ക്കും, പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും ക്വാറന്‍റൈന്‍ ഏര്‍പ്പെടുത്തുന്നതാണ് റിവേഴ്‍സ് ക്വാറന്‍റൈന്‍. സംസ്ഥാനത്താകെ റിവേഴ്സ് ക്വാറന്‍റൈന്‍ നടപ്പാക്കണോ അതോ ഹോട്ട് സ്പോട്ട് ജില്ലകളില്‍ മാത്രം മതിയോ എന്നതിലടക്കം തീരുമാനം ആകേണ്ടതുണ്ട്. ഇതിനായി സർക്കാർ തലത്തിൽ കൃത്യമായ മാർഗനിർദേശം തയ്യാറാകണം.

കൊവിഡിനെതിരെ ജനസംഖ്യയിൽ പകുതി പേരെങ്കിലും പ്രതിരോധ ശേഷി സ്വയം ആർജിക്കുന്നതാണ് വാക്സിൻ വരുന്നത് വരെയുള്ള ഏക പരിഹാരം. നിരീക്ഷണ കാലാവധി പിന്നിട്ട ശേഷവും, ലക്ഷണങ്ങളൊന്നുമില്ലാതെയും പുതിയ കേസുകൾ ഉണ്ടാവുന്നുണ്ട്. രോഗബാധിത മേഖലകളിൽ നിന്ന് പ്രവാസികൾ വലിയ തോതിൽ വരാനിരിക്കുന്നു. ഈ ഘട്ടത്തിലാണ് റിവേഴ്സ് ക്വാറന്‍റൈന്‍ ചർച്ചകൾ സജീവമാകുന്നത്. 

പ്രായമായവരെയും മറ്റ് ഗുരുതര രോഗങ്ങൾ മൂലം ചികിത്സയിലുള്ളവരെയും മറ്റുള്ളവരുമായുള്ള സമ്പർക്കം പൂർണമായും ഒഴിവാക്കി വീടുകളിൽ തന്നെ സംരക്ഷിക്കും. സാധാരണ ജീവിതം മുൻകരുതലുകളോടെ അനുവദിക്കും. കൂടുതൽ പേരിൽ വൈറസ് ബാധയുണ്ടാവുമ്പോൾ ചികിത്സയ്ക്കും ഇതേ മുൻഗണന നിശ്ചയക്കും. 45 ലക്ഷത്തിലധികം വരുന്ന വയോജനങ്ങളെ കേന്ദ്രീകരിച്ച് പ്രവർത്തനം നേരത്തെ തുടങ്ങിയതാണ്. 

എങ്കിലും പ്രമേഹ രോഗികളും , ജീവിത ശൈലീ രോഗമുള്ളവരും ഏറെയുള്ള സംസ്ഥാനത്ത് ഇത് 100 ശതമാനം നടപ്പാക്കൽ പ്രായോഗികമല്ല. വരാനിരിക്കുന്ന എല്ലാ സാഹചര്യങ്ങളും മുന്നിൽ കണ്ടുള്ള പ്രതിരോധ നടപടികൾക്കാണ് സംസ്ഥാനം രൂപം നൽകുന്നത്. ഇതിനിടെ നമ്മുടെ കുറഞ്ഞ മരണ നിരക്കും ഉയർന്ന രോഗമുക്തി നിരക്കും പ്രതീക്ഷ നൽകുന്ന ഘടകങ്ങളാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here