കാസർകോട്: (www.mediavisionnews.in) കോവിഡ് 19 രോഗം രണ്ടാം ഘട്ടം ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ട് ഇന്നേക്ക് ഒരു മാസം തികയുമ്പോൾ ജില്ല ആശ്വാസത്തീരത്ത്.168 രോഗികളിൽ ഒരു മാസത്തിനുള്ളിൽ 107 പേർ രോഗമുക്തി നേടിയതും നിരീക്ഷണത്തിൽ കഴിഞ്ഞവരുടെ എണ്ണം ഏറെ കുറഞ്ഞതും ജില്ലയിൽ ആരോഗ്യ മേഖലയിൽ എടുത്തു പറയത്തക്ക നേട്ടമാണ്. മാർച്ച് 17നാണ് ദുബായിൽ നിന്നെത്തിയ കളനാട് സ്വദേശിക്കു ജില്ലയിൽ രണ്ടാം ഘട്ടത്തിൽ കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ രോഗമുക്തി നേടി ആശുപത്രി വിട്ടത് 24 പേരാണ്.. ഇന്നലെ ഒരാൾക്കു കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ദുബായിൽ നിന്നെത്തിയ ചെമ്മനാട് സ്വദേശിയായ 20 വയസ്സുകാരനാണു രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 168 ആയി. കാസർകോട് ജനറൽ ആശുപത്രിയിൽ 16, ഉക്കിനക്കഡുക്കയിലെ കോവിഡ് ആശുപത്രിയിൽ 5, ജില്ലാ ആശുപത്രിയിൽ 3 എന്നിങ്ങനെയാണു രോഗം ഭേദമായത്. ആശുപത്രികളിലുള്ള 114 പേർ ഉൾപ്പെടെ 8380 പേരാണു ജില്ലയിൽ നീരീക്ഷണത്തിലുള്ളത്. 2702 പേരുടെ സാംപിളുകൾ അയച്ചതിൽ 1992 പരിശോധന ഫലം നെഗറ്റീവാണ്.
429 പേരുടെ ഫലം കിട്ടാനുണ്ട്. ആകെയുള്ള 168 കേസുകളിൽ 65 എണ്ണം സമ്പർക്കത്തിലൂടെയും 103 എണ്ണം വിദേശ രാജ്യങ്ങളിൽ നിന്നെത്തിയതുമാണ്. സമൂഹ വ്യാപന പരിശോധനയുടെ ഭാഗമായി 2951 വീടുകൾ ആരോഗ്യപ്രവർത്തകർ സന്ദർശിച്ചു. അതിൽ കോവിഡ് 19 പോസിറ്റീവ് കേസുമായി സമ്പർക്കമുള്ള 16 പേരെയും സമ്പർക്കമില്ലാത്ത 71 പേരെയും പരിശോധനയ്ക്കായി റഫർ ചെയ്തു. നീരിക്ഷണ കാലയളവ് പൂർത്തീകരിച്ച 1016 പേരാണ് ജില്ലയിലുള്ളത്.