ബംഗളൂരു: (www.mediavisionnews.in) കര്‍ണാടക അതിര്‍ത്തി തുറക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍കുമാര്‍ കട്ടീല്‍. അതിര്‍ത്തി തുറക്കില്ലെന്ന് ദക്ഷിണ കന്നട എംപി കൂടിയായ കട്ടീല്‍ പറഞ്ഞു. രോഗികള്‍ക്കാവശ്യമായ സൗകര്യം പിണറായി വിജയന്‍ കാസര്‍കോട്ട് ഒരുക്കണം. സേവ് കര്‍ണാടക ഫ്രം പിണറായി എന്ന ഹാഷ് ടാഗിലാണ് നളിന്‍കുമാറിന്റെ ട്വീറ്റ്.
കേരള ഹൈക്കോടതി ഇന്നലെ കര്‍ണാടക അതിര്‍ത്തി തുറക്കണമെന്നു ആവശ്യപ്പെട്ടിരുന്നു. ദേശീയപാത അടയ്ക്കാന്‍ കര്‍ണാടകത്തിന് അവകാശമില്ലെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ തീരുമാനം അംഗീകരിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.
ഒരു കാരണവശാലും കേരളത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ല. നേരത്തെ വിവിധ ആവശ്യങ്ങള്‍ക്കായി മലയാളികളെ മംഗലാപുരത്തേക്ക് എത്താന്‍ അനുവദിച്ചിരുന്നു. നിലവിലെ സാഹചര്യം വ്യത്യസ്തമാണ്. രാജ്യത്ത് കോവിഡ് കൂടുതല്‍ സ്ഥീരികരിച്ചസ്ഥലങ്ങളിലൊന്ന് കാസര്‍കോട്ട് ആണ്. ഈ സാഹചര്യത്തില്‍ അവര്‍ക്ക് വഴി തുറന്നുകൊടുത്താല്‍ കര്‍ണാടക വലിയ വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറയുന്നു.
കോവിഡ് വ്യാപനം ഉണ്ടായിട്ടും കാസര്‍കോട് ഒരു ആശുപത്രി തുറക്കാന്‍ പിണറായി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇത് കേരള മോഡലിന്റെ പരാജയമാണ്. അവരെ ചികിത്സിക്കാനുളള സംവിധാനം അവിടെ തന്നെ ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.