കണ്ണൂർ ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലയിൽ രോഗബാധ വർധിക്കുകയാണെന്നും ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ കൃത്യമായി നടപ്പിലാകുന്നുണ്ടെന്ന് ഉറപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
“ജില്ലയിൽ കൂടുതൽ സ്ഥലങ്ങളിൽ പരിശോധന ഏർപ്പെടുത്തി. റോഡിൽ ഇറങ്ങുന്ന എല്ലാ വാഹനങ്ങളും ഒരു പൊലീസ് പരിശോധനക്കെങ്കിലും വിധേയമാകുമെന്ന് ഉറപ്പിക്കും. ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച സ്ഥലങ്ങൾ പൂർണ്ണമായി സീൽ ചെയ്തു. പൊലീസ് അനുവദിക്കുന്ന ചുരുക്കം മെഡിക്കൽ ഷോപ്പുകൾ മാത്രമേ തുറക്കാവൂ. അവശ്യ വസ്തുക്കൾ ഹോം ഡെലിവറിയായി എത്തിക്കാൻ ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപന പരിധിയിലും കോൾ സെൻ്ററുകൾ നിലവിലുണ്ട്. മറ്റ് ജില്ലയിൽ പ്രഖ്യാപിച്ച ഇളവുകൾ കണ്ണൂരിനും ബാധകമാണെന്ന് തെറ്റിദ്ധരിച്ച് കുറേ പേർ ഇന്ന് റോഡിൽ ഇറങ്ങി. കണ്ണൂർ അടക്കം നാലു ജില്ലകൾ റെഡ് സോണിലാണ്. ഇത് മനസ്സിലാക്കി ജനങ്ങൾ സഹകരിക്കണം.”- മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 19 പേർക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 10 പേർ കണ്ണൂർ ജില്ലക്കാരാണ്. പാലക്കാട് 4 കാസർഗോഡ് മൂന്ന്, മലപ്പുറം, കൊല്ലം ജില്ലകളിൽ ഒന്നു വീതം എന്നിങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ചത്. 16 പേർക്കാണ് ഇന്ന് അസുഖം നെഗറ്റീവായത്. കണ്ണൂർ-7, കാസർഗോഡ്-4, കോഴിക്കോട്-4, തിരുവനന്തപുരം-3 എന്നിങ്ങനെയാണ് അസുഖം ഭേദമായത്.