മുംബൈ (www.mediavisionnews.in): മികച്ച പ്രകടനങ്ങള്‍ കാഴ്ച്ചവെച്ചിട്ടും തന്നെ ടീം ഇന്ത്യയില്‍ നിന്നും പുറത്താക്കിയത് എന്തിനെന്നറിയില്ലെന്ന് സുരേഷ് റെയ്‌ന. യോയോ ടെസറ്റിലടക്കം താന്‍ വിജയിച്ചിരുന്നതാണെന്നും മുതിര്‍ന്ന താരങ്ങളോട് സെലക്ടര്‍മാര്‍ കുറച്ച് കൂടി ഉത്തരവാദിത്വം കാട്ടണമെന്നും റെയ്‌ന തുറന്നടിച്ചു. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റെയ്‌ന.
എത്ര വലിയ കളിക്കാരനായാലും അയാള്‍ ടീമിനുവേണ്ടിയാണ് കളിക്കുന്നത്. മികച്ച പ്രകടനം നടത്തുന്നതും ടീമിനുവേണ്ടിയാണ്. അങ്ങനെ മികച്ച പ്രകടനം നടത്തിയശേഷം വീട്ടിലേക്ക് പോകുന്ന ഒരു കളിക്കാരനെ അടുത്ത സുപ്രഭാതത്തില്‍ ടീമിലേക്ക് തിരികെ വിളിക്കുന്നില്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കണം. അതറിയാന്‍ കളിക്കാരനും അവകാശമുണ്ട്. എന്റെ കളിയില്‍ എന്തെങ്കിലും പിഴവുകളുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടാം. അത് തിരുത്താനായി കഠിനാധ്വാനം ചെയ്യാന്‍ ഞാന്‍ തയാറാണ്. പക്ഷെ എന്താണ് പിഴവെന്ന് ആരെങ്കിലും ചൂണ്ടിക്കാട്ടണം.’ റെയ്‌ന പറയുന്നു.
നമ്മളെ പുറത്താക്കിയതിന്റെ കാരണം അറിയില്ലെങ്കില്‍ എങ്ങനെയാണ് കളി മെച്ചപ്പെടുത്തി തിരിച്ചുവരാനാവുകയെന്നും റെയ്‌ന ചോദിച്ചു. അനുഭവങ്ങളില്‍ നിന്ന് ഒരുപാട് പാഠം പഠിച്ചിട്ടുണ്ടെന്നും ഭാവിയില്‍ താന്‍ സെല്ക്ടറായാല്‍ ഒരു കളിക്കാരനെ ഒഴിവാക്കുകയാണെങ്കില്‍ എന്തുകൊണ്ട് ഒഴിവാക്കുന്നു എന്ന് വ്യക്തമായി ധരിപ്പിക്കുമെന്നും റെയ്‌ന പറഞ്ഞു.
ധോണി നായകനായിരുന്ന കാലത്ത് ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്ന റെയ്‌നക്ക് പക്ഷെ 2018നുശേഷം ഇന്ത്യന്‍ ജേഴ്‌സി അണിയാനായിട്ടില്ല. 2019ല്‍ കാല്‍മുട്ട് ശസ്ത്രക്രിയക്ക് വിധേയനായ റെയ്‌ന ഐപിഎല്ലിലൂടെ വീണ്ടും ഇന്ത്യന്‍ ടീമിലെത്താനുള്ള സാധ്യതകള്‍ സജീവമാക്കാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ കൊവിഡ് മൂലം ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് നീട്ടിയത് റെയ്‌നയുടെ പ്രതീക്ഷകള്‍ക്കും തിരിച്ചടിയാണ്.