ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 3000 കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട ഔദ്യോഗിക കണക്ക് അനുസരിച്ച് വിവിധ സംസ്ഥാനങ്ങളിലുള്ള രോഗികളുടെ എണ്ണം 3074 ആയി. ഇന്നലെ ഒരു ദിവസം കൊണ്ട് മാത്രം അഞ്ഞൂറോളം പുതിയ കൊവിഡ് ബാധിതരാണ് സംസ്ഥാനത്ത് ഉണ്ടായത്. സ്ഥിതി അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന വിലയിരുത്തലും ആരോഗ്യ മന്ത്രാലയം പങ്കുവക്കുന്നുണ്ട്.
അതിനിടെ കൊവിഡിൽ രാജ്യത്ത് മരണം 77 ആയി . 3030 പേർ ആണ് ചികിത്സയിൽ ഉള്ളത്. 267 പേർക്ക് ഭേദമായി. ആകെ രോഗബാധിതരുടെ എണ്ണം 3374 ആണ്.
കൊവിഡ് രോഗ വ്യാപനത്തിന്‍റെ സ്ഥിതി വിലയിരുത്തിയാകും ലോക്ക് ഡൗണിൽ തുടര്‍ തീരുമാനം ഉണ്ടാകുക. ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിശദമായ വിലയിരുത്തൽ യോഗങ്ങളും വരും ദിവസങ്ങളിൽ വിളിച്ച് ചേര്‍ത്തിട്ടുണ്ട് ഏപ്രിൽ പത്ത് വരെ ഉള്ള രോഗവ്യാപന സാഹചര്യം വിലയിരുത്തി ലോക്ക് ഡൗണിന്‍റെ കാര്യത്തിൽ തീരുമാനം എടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് വിവരം.
കേന്ദ്രമന്ത്രിമാരുടെ പ്രത്യേക യോഗം നരേന്ദ്രമോദി വിളിച്ച് ചേര്‍ത്തിട്ടുണ്ട്. പ്രതിപക്ഷ നേതാക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ആരോഗ്യ രംഗത്തെ വിദഗ്ധരും അടങ്ങുന്ന മറ്റൊരു യോഗവും വിളിച്ച് ചേര്‍ത്തിട്ടുണ്ട്. ലോക്ക് ഡൗൺ തുടരുന്നെങ്കിൽ അതെങ്ങനെ ഇളവ് വരുത്തിയാൽ രോഗ വ്യാപനം തടയാൻ എന്തൊക്കെ മുൻകരുതലും മുന്നൊരുക്കങ്ങളും നടത്തണം തുടങ്ങി വിശദമായ ചര്‍ച്ചയാണ് നടക്കാനിരിക്കുന്നത്.