2011ല്‍ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ പിന്നീടൊരിക്കലും ഒന്നിച്ച് കളിച്ചിട്ടില്ല;എല്ലാം തുറന്നെഴുതുമെന്ന് ഹര്‍ഭജന്‍

0
241

2011ല്‍ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ പിന്നീടൊരിക്കലും ഒന്നിച്ച് കളിച്ചിട്ടില്ല. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന് പിന്നാലെയുണ്ടായ ഉള്ളുകളികളെക്കുറിച്ച് തുറന്നെഴുതുമെന്നാണ് ഹര്‍ഭജന്‍ സിംങ് ട്വീറ്റ് ചെയ്തത്. ട്വീറ്റ് വിവാദമായതിന് പിന്നാലെ പുസ്തകം എഴുതിയാലും ഇല്ലെങ്കിലും ട്വീറ്റ് പിന്‍വലിച്ചിരിക്കുകയാണ് ഹര്‍ഭജന്‍.

സെവാഗ്, സച്ചിന്‍, ഗംഭീര്‍, കോഹ്‌ലി, യുവരാജ്, ധോണി, റെയ്‌ന, ഹര്‍ഭജന്‍, സഹീര്‍, മുനാഫ്, ശ്രീശാന്ത് എന്നിവരാിരുന്നു 2011ലെ ലോകകപ്പ് ഫൈനലില്‍ കളിച്ച ഇന്ത്യന്‍ താരങ്ങള്‍. അശ്വിന്‍, ചവ്‌ല, നെഹ്‌റ, പത്താന്‍ എന്നിവര്‍ റിസര്‍വ് ടീമിലുമുണ്ടായിരുന്നു. ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ അംഗങ്ങള്‍ പിന്നീട് ഒരു ഏകദിനം പോലും ഒരുമിച്ച് കളിക്കാതിരുന്നതിന് പിന്നില്‍ ധോണിയാണെന്ന വിമര്‍ശങ്ങള്‍ നേരത്തെയുണ്ട്.

യുവതാരങ്ങള്‍ക്കുവേണ്ടി സീനിയര്‍ താരങ്ങളെ ധോണി ഒഴിവാക്കുകയായിരുന്നുവെന്നാണ് ആരോപണം. സെവാഗും ഗംഭീറും അടക്കമുള്ള താരങ്ങള്‍ നേരത്തെ ധോണിയോടുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിട്ടുമുണ്ട്. ഇതിന്റെ ചുവടുപിടിച്ചുള്ളതായിരുന്നു ഹര്‍ഭജന്റെ ട്വീറ്റ്.

‘എന്തൊരു തമാശയാണ്… എല്ലാവരേയും അകറ്റാനായി ആരൊക്കെയാണ് കളിച്ചതെന്ന് സമയം വരുമ്പോള്‍ തുറന്നുപറയും… ഒരുപാട് സംഭവങ്ങള്‍… ഒരു പുസ്തകം എഴുതാന്‍ നേരമായെന്ന് കരുതുന്നു… എന്താണ് സംഭവിച്ചതെന്ന് സത്യസന്ധമായി അവതരിപ്പിക്കുന്ന ഒന്ന്’ എന്നായിരുന്നു ഹര്‍ഭജന്റെ ട്വീറ്റ്.

മിനുറ്റുകള്‍ക്കകം ട്വീറ്റ് സോഷ്യല്‍മീഡിയയില്‍ പടര്‍ന്നുപിടിച്ചു. ചൂടേറിയ ചര്‍ച്ചാവിഷയമാവുകയും ചെയ്തു. ആരെയോ എന്തിനേയോ പേടിച്ച് മിനുറ്റുകള്‍ക്കകം ഹര്‍ഭജന്‍ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു.

2011ല്‍ ഏകദിന ലോകകപ്പ് നേടിയ ടീമിലെ മുതിര്‍ന്ന താരങ്ങളെ പിന്നീട് ഒഴിവാക്കിയെന്ന പേരില്‍ ധോണി നേരത്തെയും വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. ഗംഭീര്‍, സഹീര്‍, സേവാഗ്, ഹര്‍ഭജന്‍, യുവരാജ് തുടങ്ങിയ താരങ്ങള്‍ പിന്നീട് കാര്യമായ അവസരങ്ങള്‍ പോലും ലഭിച്ചിരുന്നില്ല. കളി ജയിക്കുമ്പോള്‍ പോലും മുതിര്‍ന്ന താരങ്ങളെ ഒഴിവാക്കി യുവതാരങ്ങളെ ടീമിലെടുക്കാന്‍ ധോണി മുതിര്‍ന്നെന്നായിരുന്നു ആരോപണം. 2015ലെ ലോകകപ്പില്‍ രോഹിത്ത് ശര്‍മ്മ, ധവാന്‍, ജഡേജ തുടങ്ങിയവരെയാണ് ധോണി മുതിര്‍ന്നതാരങ്ങളേക്കാള്‍ പരിഗണിച്ചത്. ആസ്‌ട്രേലിയയിലും ന്യൂസിലന്റിലുമായി നടന്ന 2015ലെ ലോകകപ്പില്‍ ഇന്ത്യ ആസ്‌ട്രേലിയയോട് സെമിയില്‍ തോല്‍ക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here