10 കോടി രൂപ ധനസഹായം നല്‍കി സണ്‍റൈസേഴ്‌സ്‌ ഹൈദരാബാദ്‌, കയ്യടിച്ച്‌ ഡേവിഡ്‌ വാര്‍ണര്‍

0
151

ന്യുദല്‍ഹി (www.mediavisionnews.in):  കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സംഭാവന ചെയ്ത് ഐ.പി.എല്‍ ഫ്രാഞ്ചെസി ആയ സണ്‍റൈസേഴ്സ് ഹൈദരാബാദ്. സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്കാണോ കേന്ദ്ര നിധിയിലേക്കാണോ തുക സംഭാവന ചെയ്തതെന്ന് ഗ്രൂപ്പ് വ്യക്തമാക്കിയിട്ടില്ല. രാജ്യത്തെ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നതില്‍ മുന്നിട്ട് നില്‍ക്കുന്ന ക്രിക്കറ്റ് മേഖലക്കും ഇതിലൂടെ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയാണ് സണ്‍റൈസേഴ്സ്.

സൺ‌റൈസേഴ്‌സിന്റെ സ്റ്റാർ ബാറ്റ്‌സ്മാനും ഓപ്പണറുമായ ഡേവിഡ് വാർണറും ടീമിന്‍റെ പ്രവര്‍ത്തിയെ പ്രശംസിച്ചു രംഗത്തെത്തിയിട്ടുണ്ട്. ധനസഹായത്തിന് മുതിര്‍ന്ന സൺ ടിവി ഗ്രൂപ്പിനെ അഭിനന്ദിച്ചാണ് വാര്‍ണര്‍ ട്വീറ്റ് ചെയ്തത്.

ഐ.പി.എല്‍ ഉപേക്ഷിക്കാനുള്ള സാധ്യത മുന്നിലുള്ളപ്പോള്‍ നേരിടാവുന്ന സാമ്പത്തിക നഷ്ടം വക വെക്കാതെയാണ് സണ്‍റൈസേഴ്സ് ധനസഹായം പ്രഖ്യാപിച്ചത്. രാജ്യത്തെ ബാധിച്ച പകർച്ചവ്യാധിക്കെതിരെ ഇന്ത്യ പോരാട്ടം തുടരുമ്പോള്‍ സഹായവുമായി ക്രിക്കറ്റ് രംഗത്ത് നിന്നുള്ള പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, ഹര്‍ഭജന്‍ സിങ്, യുവരാജ് സിങ്, വിരാട് കോഹ്‍ലി, രോഹിത് ശര്‍മ, ഗൌതം ഗംഭീര്‍, സുരേഷ് റെയ്ന, എം.എസ് ധോണി, സുനില്‍ ഗവാസ്കര്‍ തുടങ്ങിയവരെല്ലാം നേരത്തെ സഹായവുമായെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here