സ്വരൂക്കൂട്ടി വെച്ച പണം കൊണ്ട് യു.കെക്ക് 20000 മെഡിക്കല്‍ മാസ്‌കുകള്‍ നല്‍കി വിയറ്റ്‌നാമിലെ രണ്ടു കുട്ടികള്‍

0
162

വിയറ്റ്‌നാമിലെ രണ്ടു കുട്ടികള്‍ തങ്ങള്‍ സ്വരുക്കൂട്ടിവെച്ച പണം കൊണ്ട് ഒരു യൂറോപ്യന്‍ രാജ്യത്തിന് നല്‍കിയത് 20000 മെഡിക്കല്‍ മാസ്‌കുകള്‍. നാന്‍, ഖൊയ് എന്നീ രണ്ടു കുട്ടികളാണ് യു.കെ ക്ക് മെഡിക്കല്‍ മാസ്‌കുകള്‍ നല്‍കിയത്.

വിയറ്റ്‌നാമിലെ ബ്രിട്ടീഷ് അംബാസിഡറാണ് ഇക്കാര്യം അറിയിച്ചത്. ഇരുവര്‍ക്കും നന്ദി അറിയിച്ചു കൊണ്ടുള്ള ഒരു കത്താണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ നല്‍കിയ മാസ്‌കുകള്‍ കഴിഞ്ഞ ആഴ്ച 100 ബ്രിട്ടീഷ് പൗരന്‍മാരെ വിയറ്റ്‌നാമില്‍ നിന്നും കയറ്റി അയച്ച വിമാനത്തില്‍ യു.കെയില്‍ എത്തിച്ചെന്നും ഇദ്ദേഹം വ്യക്തമാക്കി. പരമ്പരാഗതമായി വിയറ്റ്‌നാം കുട്ടികള്‍ ഭാഗ്യ സൂചകമായി ചുവന്ന കവറില്‍ സൂക്ഷിക്കുന്ന തുക കൊണ്ടാണ് ഇവര്‍ മാസ്‌ക് വാങ്ങിയത്.

നേരത്തെയും വിയറ്റ്‌നാമില്‍ നിന്ന് മാതൃകപരമായ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. 1960 കളില്‍ നടന്ന വിയറ്റ്‌നാം യുദ്ധത്തില്‍ സോവിയറ്റ് യൂണിയന്‍ പക്ഷത്തുള്ള നോര്‍ത്ത് വിയറ്റ്‌നാമിനെ ആക്രമിച്ച  അമേരിക്ക, ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിയറ്റ്‌നാം കൊവിഡ് സുരക്ഷാ സാമഗ്രികള്‍ എത്തിച്ചിരുന്നു.

കൊവിഡ് പ്രതിരോധത്തിനായി മുന്‍നിരയില്‍ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാനായാണ് അവശ്യ വസ്തുക്കള്‍ എത്തിച്ച് നല്‍കിയതെന്ന് വിയറ്റ്‌നാം വ്യക്തമാക്കിയിരുന്നു.

ഏപ്രില്‍ പകുതിയില്‍ ഫ്രാന്‍സിനുള്‍പ്പെടെ 5 യൂറോപ്യന്‍ രാജ്യങ്ങള്‍ക്കായി 5,50,000 മാസ്‌കുകളാണ് വിയറ്റ്‌നാം കൊടുത്തയച്ചത്. ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, സ്‌പെയ്ന്‍, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങള്‍ക്ക് 3,90,000 മാസ്‌കുകളും, മറ്റ് അയല്‍രാജ്യങ്ങളായ കമ്പോഡിയ, ലാവോസ് എന്നിവയ്ക്ക് 3,40,000 മാസ്‌കുകളും വിയറ്റ്‌നാം നിര്‍മ്മിച്ചുനല്‍കി. ഒപ്പം ഇന്ത്യക്കും വിയറ്റ്‌നാം സുരക്ഷാ സമാഗ്രികള്‍ നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here