സോണിയാ ഗാന്ധിക്കെതിരെയുള്ള പരാമർശവുമായി ബന്ധപ്പെട്ട് അർണബ് ഗോസ്വാമിയെ പൊലീസ് ചോദ്യം ചെയ്തത് 12 മണിക്കൂർ

0
217

മുംബൈ: (www.mediavisionnews.in) മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ 12 മണിക്കൂര്‍ ചോദ്യം ചെയ്ത് മുംബൈ പോലീസ്. പാല്‍ഘര്‍ ആള്‍ക്കൂട്ട കൊലയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍, കേസുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍.

മഹാരാഷ്ട്ര വൈദ്യുതി മന്ത്രിയുടെ പരാതിയില്‍ നാഗ്പൂര്‍ പോലീസ് അര്‍ണബിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെുള്ള പ്രകോപനം, മതത്തിന്റെയോ വംശത്തിന്റെയോ അടിസ്ഥാനത്തില്‍ രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക, മത വികാരങ്ങളെ വ്രണപ്പെടുത്തി, അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

തുടര്‍ന്ന് അര്‍ണബിനെ ചോദ്യം ചെയ്യലിനായി പോലീസ് വിളിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് അര്‍ണബ് സ്റ്റേഷനില്‍ എത്തിയത്. പോലീസ് 12 മണിക്കൂറാണ് തന്നെ കേസ് സംബന്ധിച്ച് ചോദ്യം ചെയ്തതെന്ന് അര്‍ണബ് പറഞ്ഞു. സോണിയ ഗാന്ധിയെക്കുറിച്ചുള്ള തന്റെ പ്രസ്താവനയെ കുറിച്ചായിരുന്നു പോലീസ് ചോദിച്ചതെന്നും എന്നാല്‍ താന്‍ പ്രതികരണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പോലീസിനോട് പറഞ്ഞതായും അര്‍ണബ് കൂട്ടിച്ചേര്‍ത്തു.

അന്വേഷണത്തോട് സഹകരിച്ചതായും ഞാന്‍ പറഞ്ഞതെല്ലാം ശരിയാണെന്ന് പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ടെന്നും എന്റെ ഭാഗം ഞാന്‍ വിശദീകരിച്ചു, അതില്‍ അവര്‍ പൂര്‍ണ തൃപ്തരാണെന്നും അര്‍ണബ് വ്യക്തമാക്കി. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സന്യാസിമാര്‍ ഉള്‍പ്പെടെ മൂന്ന് പേരെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് നടത്തിയ ചാനല്‍ ചര്‍ച്ചയിലാണ് അര്‍ണബ് സോണിയയ്‌ക്കെതിരെ സംസാരിച്ചത്.

ഇത് പിന്നീട് വന്‍ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. അര്‍ണബിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പലയിടങ്ങളിലായി കേസ് കൊടുത്തിരുന്നു. ഇതിന് പിന്നാലെ അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അര്‍ണബ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

മൂന്നാഴ്ചത്തേക്ക് അദ്ദേഹത്തിനെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പാടില്ലെന്നായിരുന്നു കോടതി ഉത്തരവ്. സുപ്രീം കോടതി ഉത്തരവിന് പിന്നാലെ കേസ് മുംബൈ പോലീസിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം അര്‍ണബിനോട് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് രണ്ട് തവണ മുംബൈ പോലീസ് നോട്ടീസ് അയച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here