സമസ്ത കേരള ജംഇയ്യത്തുൽ ഉമല ട്രഷററും പ്രമുഖ പണ്ഡിതനുമായ സി.കെ.എം സ്വാദിഖ് മുസ്‍ലിയാർ അന്തരിച്ചു. 80 വയസ്സായിരുന്നു. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സ്വദേശിയാണ്. വിവിധ സ്ഥലങ്ങളിൽ ദർസ് നടത്തിയ അദ്ദേഹം 2017 ജനുവരിയിലാണ് സമസ്ത ട്രഷററായി ചുമതലയേറ്റത്. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽപ്രസിഡണ്ടായിരുന്നു. ജനാസ നമസ്‌കാരം വ്യാഴം രാവിലെ ഒമ്പത് മണിക്ക് മണ്ണാർക്കാട് മുണ്ടേകാരാട് ജുമാമസ്ജിദിൽ.
സമസ്ത കേന്ദ്ര മുശാവറ അംഗം, സമസ്ത പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ പ്രസിഡണ്ട്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നിർവാഹക സമിതി അംഗം, സുന്നി മഹല്ല് ഫെഡറേഷൻ നിർവാഹക സമിതി അംഗം, പട്ടിക്കാട് ജാമിഅ നൂരിയ്യ, നന്തി ദാറുസ്സലാം അറബിക് കോളേജുകളുടെ ഭരണ സമിതി അംഗം തുടങ്ങി നിരവധി പദവികൾ വഹിച്ചു. സമസ്ത പ്രസിദ്ധീകരണങ്ങളായ അൽ മുഅല്ലിം, സന്തുഷ്ട കുടുംബം, കുരുന്നുകൾ എന്നിവയുടെ പ്രിന്ററും പബ്ലിഷറുമായിരുന്നു.
1941-ൽ പാലക്കാട് ജില്ലയിലെ കുമരംപുത്തൂരിൽ സൂപ്പി-ആമിന ദമ്പതികളുടെ മകനായി ജനിച്ചു. ഖാളി കുഞ്ഞഹമ്മദ് മുസ്ലിയാരുടെ കീഴിൽ മണ്ണാർക്കാട് വെച്ചാണ് മതപഠനം ആരംഭിച്ചത്. പത്തുവർഷം മണ്ണാർക്കാട് മതപഠനം നടത്തിയ ശേഷം കുമരംപുത്തൂരിൽ താഴേക്കോട് കുഞ്ഞലവി മുസ്ലിയാരുടെ കീഴിൽ രണ്ടുവർഷം മതവിദ്യ അഭ്യസിച്ചു. പിന്നീട് പരപ്പനങ്ങാടി പനയത്തിൽ ദർസിൽ കോട്ടുമല അബൂബക്കർ മുസ്ലിയാരുടെ ശിഷ്യത്വം സ്വീകരിച്ചു. 1968-ൽ പട്ടിക്കാട് ജാമിഅ നൂരിയ്യയിലെ നാലാം ബാച്ചിൽ നിന്ന് ഫൈസി ബിരുദമെടുത്തു. ജാമിഅയിൽ വെച്ച് ഇ.കെ അബൂബക്കർ മുസ്ലിയാർ അടക്കമുള്ള പ്രമുഖ പണ്ഡിതരിൽ നിന്ന് മതവിദ്യ നേടി.