മഞ്ചേശ്വരം (www.mediavisionnews.in): കൊറോണ വൈറസിന്റെ ഭീതിയിൽ ദുരിതത്തിലായ ജനങ്ങൾക്ക് വ്യതസ്തമായ സേവനങ്ങളുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ സന്നദ്ധ പ്രവർത്തകരാണ് മുന്നോട്ട് വന്നു പ്രവർത്തിക്കുന്നത്. പക്ഷേ മഞ്ചേശ്വരത്തിന്റെ വിവിധ മേഖലകളിൽ സന്നദ്ധ പ്രവർത്തകരോട് കൊടും ക്രിമിനലുകളോട് എന്ന പോലെയാണ് പോലീസ് പെരുമാറുന്നത്.
ദിവസങ്ങളോളമായി ഉപ്പള കേന്ദ്രീകരിച്ച് ആയിരക്കണക്കിന് ആളുകൾക്ക് ഉച്ചക്കും രാത്രിയും ഭക്ഷണം നൽകി മാതൃക പ്രവർത്തനം നടത്തി വന്നിരുന്ന കൂട്ടായ്മ യിലെ അബ്ദുല്ല ആരിഫ് എന്ന സന്നദ്ധ സംഘടനാ പ്രവർത്തകനെ പോലീസ് പിടികൂടുകയും അപമാനിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായി. മഞ്ചേശ്വരം പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചനുമായി ബന്ധപ്പെട്ട് രാപ്പകൽ എന്നില്ലാതെ കഠിന പ്രയത്നം ചെയ്ത് കൊണ്ടിരിക്കുന്ന ഫാറൂഖ് ചെക്ക് പോസ്റ്റ് എന്ന ചെറുപ്പക്കാരൻ ഇന്നുച്ചയ്ക്കുള്ള ഭക്ഷണവുമായി വരുമ്പോൾ ഹൊസങ്കടിയിൽ വെച്ച് പോലീസ് പിടികൂടി ലാത്തി കൊണ്ട് അടിക്കുകയും നടുറോഡിൽ അപമാനിക്കുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്തു.
കർണാടകയുടെ ധാർഷ്ട്യം കാരണം ചികിത്സ കിട്ടാതെ കഷ്ടപ്പെടുന്ന മഞ്ചേശ്വരത്തെയും കുഞ്ചത്തൂരിലെയും പാവങ്ങൾക്ക് മരുന്ന് എത്തിച്ചു നൽകുകയും അടിയന്തിര ആതുര സേവന സഹായങ്ങളും ചെയ്തു വരുന്ന ഇല്ല്യാസ് തുമിനാട് എന്ന സന്നദ്ധ പ്രവർത്തകനെ ആക്രമിക്കുകയും ചെയ്തു. ഇങ്ങനെ വലിയ രീതിയിലുള്ള കയ്പേറിയ അനുഭവങ്ങളാണ് വിവിധ മേഖലകളിൽ സന്നദ്ധ പ്രവർത്തകർ അഭിമുഖീകരിക്കുന്നത്.
നാട്ടിൽ എന്ത് അപകടങ്ങളും ദുരിതങ്ങളും ഉണ്ടാവുമ്പോൾ കൈമെയ് മറന്ന് സേവന സന്നദ്ധരാകുന്ന പ്രവർത്തകർക്ക് നേരെ പോലീസ് രാജ് നടപ്പിലാക്കുമ്പോൾ അത് വലിയ നന്മയാണ് ഇല്ലാതാക്കുന്നത്. കൊറോണ ഭീഷണിയുടെ തുടക്കം മുതൽ തന്നെ സർക്കാറിന്റെയും മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദ്ദീൻ സാഹിബിന്റെയും അഹ്വന പ്രകാരം മഞ്ചേശ്വരം മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ കൂട്ടായ നേതൃത്വത്തിൽ സജീവമായ സന്നദ്ധ പ്രവർത്തനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതിനെ പോലീസ് ഇങ്ങനെയാണ് നേരിടുന്നത് എങ്കിൽ ഞങൾ വീട്ടിൽ ഇരിക്കുകയും ജനങ്ങളുടെ അടിയന്തിര ആവശ്യങ്ങൾ നേടി കൊടുക്കുന്നതിനു പോലീസ് തന്നെ രംഗത്ത് ഇറങ്ങേണ്ടി വരുകയും ചെയ്യേണ്ട അവസ്ഥയാണ് ഉണ്ടാവാൻ പോവുന്നത്. ഇത് ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് ആയിരിക്കും നയിക്കുക. ഇതിൽ മുഖ്യമന്ത്രി ഇടപ്പെട്ട് ആവശ്യമായ നടപടികൾ കൈക്കൊണ്ട് സന്നദ്ധ പ്രവത്തകരുടെ പ്രവർത്തന സ്വാതന്ത്ര്യം ഉറപ്പ് വരുത്തേണ്ടതുണ്ട്.