ബംഗളൂരു (www.mediavisionnews.in): കോവിഡ് 19 വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ ഏപ്രില്‍ അവസാനം വരെ നീട്ടണമെന്നാവശ്യം കര്‍ണാടക ടാസ്ക് ഫോഴ്സ് മുന്നോട്ടുവെക്കുമ്ബോഴും ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളിലെ നിയന്ത്രണം പിന്‍വലിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍. ഇതുവരെ രോഗം സ്ഥിരീകരിക്കാത്ത സംസ്ഥാനത്തെ 12 ജില്ലകളിലെ നിയന്ത്രണം ഏപ്രില്‍ 14നുശേഷം പിന്‍വലിക്കുന്നതിനെ അനുകൂലിക്കുമെന്നും എന്നാല്‍, കേന്ദ്ര തീരുമാനം എന്താണോ അതിനനുസരിച്ചായിരിക്കും അന്തിമ തീരുമാനമെന്നും കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ വ്യക്തമാക്കി.
സംസ്ഥാനത്തെ 12 ജില്ലകളില്‍ ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലോക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങളോട് തീരുമാനം എടുക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചാല്‍ കോവിഡ് മുക്ത ജില്ലകളിലെ നിയന്ത്രണം പിന്‍വലിക്കുക എന്നതാണ് തെന്റ നിലപാടെന്നും യെദിയൂരപ്പ പറഞ്ഞു. ഈ ജില്ലകളിലേക്ക് മറ്റു ജില്ലകളില്‍നിന്നും വരുന്നവര്‍ക്ക് നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വരുമാനം ഉയര്‍ത്താന്‍ ഏപ്രില്‍ 14നുശേഷം നിയന്ത്രിതമായ രീതിയില്‍ സംസ്ഥാനത്തെ മദ്യവില്‍പന പുനരാരംഭിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപവത്കരിച്ച ഡോക്ടര്‍മാരും മന്ത്രിമാരും അടങ്ങിയ ടാസ്ക് ഫോഴ്സ് സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏപ്രില്‍ 30വരെ തുടരണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. സംസ്ഥാനത്ത് പൂര്‍ണമായ ലോക്ഡൗണ്‍ ഇല്ലെങ്കിലും രോഗ വ്യാപനം കൂടുതലായ ജില്ലകളില്‍ കടുത്ത നിയന്ത്രണം തുടരണമെന്നാണ് നിര്‍ദേശം. രോഗ വ്യാപനം നടന്ന ജില്ലകളില്‍ ലോക്ഡൗണ്‍ പിന്‍വലിക്കാനുള്ള ഒരു സാധ്യതയുമില്ലെന്നും എന്നാല്‍, കേന്ദ്ര തീരുമാനത്തിനായി കാത്തുനില്‍ക്കുകയാണെന്നും മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു. സംസ്ഥാന ടാസ്ക് ഫോഴ്സുമായി നടത്തിയ യോഗത്തിനുശേഷമാണ് മുഖ്യമന്ത്രി യെദിയൂരപ്പ ഇക്കാര്യം അറിയിച്ചത്. ലോക്ഡൗണ്‍ തുടരുന്ന കാര്യത്തില്‍ ടാസ്ക് ഫോഴ്സ് നിര്‍ദേശം ചര്‍ച്ച ചെയ്ത് വരും ദിവസങ്ങളില്‍ അന്തിമ തീരുമാനമെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം.