ലോക്ക് ഡൗണ്‍ ലംഘിച്ച്‌ പാചകം ; യുവാക്കള്‍ പിടിയില്‍

0
175

മലപ്പുറം :ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടെ മലപ്പുറം കൂട്ടിലങ്ങാടിയിൽ സംഘം ചേർന്ന് പാചകം ചെയ്ത യുവാക്കൾ പൊലീസിന്റെ പിടിയിലായി. പൊലീസിനെ വെല്ലുവിളിച്ച് വാട്ട്സപ്പ് ഗ്രൂപ്പിൽ പാചകം ചെയ്യുന്നതിന്റെ ഫോട്ടോ പോസ്റ്റ് ചെയ്യുകയും ശബ്ദ സന്ദേശമയക്കുകയും ചെയ്തതോടെയാണ് പ്രതികളെ പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രിയാണ് മലപ്പുറം കൂട്ടിലങ്ങാടി കടുങ്ങൂത്തെ ചെറുപ്പക്കാർ തോട് വരമ്പത്ത് ഒത്തുകൂടിയത്. കോഴി ചുടലും ഭക്ഷണം പാകം ചെയ്യലുമൊക്കെയായി സംഭവം ജോറായപ്പോൾ ആവേശം പരിധിവിട്ടു. ലോക്ക് ഡൗൺ ലംഘിച്ച് ഒത്തുകൂടിയ യുവാക്കൾ പൊലീസിനെ വെല്ലുവിളിക്കുകയായിരുന്നു. കേസടുക്കാൻ വെല്ലുവിളിച്ച് കൊണ്ടുള്ള ശബ്ദ സന്ദേശങ്ങൾ ഗ്രൂപ്പുകളിൽ പങ്കു വെക്കുകയും ചെയ്തു.

അതിരു വിട്ട ആവേശം യുവാക്കളെ കെണിയിലാക്കി. അകത്താക്കിയ ചിക്കൻ ഫ്രൈ ദഹിച്ച് തീരും മുൻപേ പൊലീസിന്റെ പിടി വീണു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മറികടന്ന് സംഘം ചേർന്ന 7 പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ മൊബൈൽ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.

മലപ്പുറം ജില്ലയിൽ മെയ് മൂന്ന് വരെ ലോക്ക് ഡൗൺ തുടരുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് ജില്ലകളെ നാലായി തിരിച്ചാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ 20 ന് ശേഷം ചില ഇളവുകൾ ഏർപ്പെടുത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു നിയന്ത്രണങ്ങള്‍ സംസ്ഥാനം പൂര്‍ണമായ തോതില്‍ തന്നെ അംഗീകരിച്ച് നടപ്പാക്കുകയാണ്. ഹോട്ട്‌സ്‌പോട്ടായി കണക്കാക്കിയ ചില ജില്ലകള്‍ ഒഴിവാക്കുന്നതിന് കേന്ദ്രത്തിന്റെ പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here