ചെന്നൈ: ലോക് ഡൗൺ ലംഘകരെ ഭയപ്പെടുത്താൻ തമിഴ്നാട് പൊലീസ് കണ്ടുപിടിച്ച പുതിയ മാര്‍ഗം കയ്യടിയും അതേസമയം തന്നെ വിമർശനവും ഉയർത്തുന്നു. കൊറോണയുമായി ബന്ധപ്പെട്ട സമൂഹത്തിൽ നിലവിലിരിക്കുന്ന അപഖ്യാതികൾക്ക് ബലം പകരുന്നതാണ് പൊലീസിന്‍റെ നടപടിയെന്നാണ് ഉയരുന്ന മുഖ്യവിമർശനം. ആംബുലൻസ് ദുരുപയോഗം ചെയ്തു എന്നും വിമർശനമുണ്ട്.
എന്നാൽ ലോകത്തെ ആശങ്കയിലാഴ്ത്തിയിരിക്കുന്ന ഒരു മഹാമാരിയുടെ ഭീകരതയെക്കുറിച്ചുള്ള സന്ദേശമാണിതെന്നാണ് മറുവാദം.സംഭവം എന്തായാലും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.
തിരുപ്പൂർ ജില്ലാ പൊലീസ് പുറത്തുവിട്ട ഒരു ചെറിയ വീഡിയോയാണ് സംഭവങ്ങൾക്കടിസ്ഥാനം. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾക്കിടയിലും വിലക്ക് ലംഘിച്ച് യാതൊരു സുരക്ഷാമുൻകരുതലുകളുമില്ലാതെ ബൈക്കിൽ സഞ്ചരിച്ച കുറച്ച് യുവാക്കളെ പൊലീസ് തടഞ്ഞു നിർത്തുന്നു. തുടർന്ന് ഇവരെ ഒരു ആംബുലൻസിലേക്ക് കയറ്റാനാണ് ശ്രമിക്കുന്നത്.
ആംബുലൻസിൽ പ്രതിരോധ സ്യൂട്ടും മാസ്കും ധരിച്ച് ഒരു രോഗി കിടക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ അത് കോവിഡ് രോഗി തന്നെയാണെന്ന് മനസിലാക്കിയ യുവാക്കൾ ആംബുലൻസിൽ കയറാതെ രക്ഷപ്പെടാൻ ശ്രമിക്കുന്നു.. ഭയന്നു വിറച്ച് രക്ഷപെടാന്‍ ശ്രമിക്കുന്ന ഇവരെ എന്നാൽ പൊലീസ് വലിച്ചിഴച്ച് അകത്തേക്ക് കയറ്റുകയാണ്. ബാക് ഗ്രൗണ്ടും മ്യൂസികും സിനിമാ ഡയലോഗും ഒക്കെയായാണ് വീഡിയോ പുറത്തിറക്കിയത്.
യുവാക്കളെ അവർ ശ്രദ്ധിക്കുന്ന തരത്തിലുള്ള സന്ദേശം നൽകി ബോധവത്കരിക്കാനുള്ള ശ്രമമാണ് ഇത്തരമൊരു വീഡിയോയിലൂടെ നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ കൊറോണയെക്കുറിച്ച് സമൂഹത്തിനുള്ള ഭയാശങ്കകള്‍ക്ക് ഇത് കൂടുതൽ ബലം പകരുന്നു എന്ന് വിമർശനം ഉയർന്ന സാഹചര്യത്തില്‍ ജില്ലാ കളക്ടർ പൊലീസ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിരുന്നു. ആളുകളിൽ ആശങ്ക ഉയർത്താനല്ല മറിച്ച് നിലവിലെ അവസ്ഥ ബോധ്യമാക്കികൊടുക്കാനാണ് ഇത്തരമൊരു വീഡിയോ എന്നാണ് പൊലീസ് സുപ്രണ്ടന്റ് നൽകിയ വിശദീകരണമെന്നും കളക്ടർ വ്യക്തമാക്കി.